ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ കപ്പലിലെ ജീവനക്കാരില്‍ നാല്‌ മലയാളികളും. എറണാകുളം കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചനും പള്ളുരുത്തി, തൃപ്പൂണിത്തുറ, മലപ്പുറം സ്വദേശികളുമാണ് കപ്പലിലുള്ളത്. മറ്റു മൂന്ന്  പേരുടെ പേര് വിവരങ്ങള്‍ വ്യക്തമല്ല. അതേസമയം ഇവരെ മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇവരില്‍  എറണാകുളം സ്വദേശിയാണ് കപ്പലിന്റെ ക്യാപ്റ്റന്‍. ഒരുമാസം മുമ്പാണ് കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചന്‍ കപ്പലില്‍ ജോലിക്ക് കയറിയത്. ശനിയാഴ്ച വെളുപ്പിനെയാണ് കപ്പല്‍ ഇറാന്‍ പിടികൂടിയ വിവരം ഡിജോയുടെ കുടുംബം അറിയുന്നത്. ജോലി ചെയ്തിരുന്ന കമ്പനിയാണ് വിവരം അറിയിച്ചത്. കളമശ്ശേരി കുസാറ്റിനടുത്ത് തേക്കാനത്ത് പാപ്പച്ചന്‍- ഡീന ദമ്പതികളുടെ മകനാണ് ഡിജോ. ലണ്ടനിലുള്ള സഹോദരി ദീപയെ ലണ്ടനിലെ കപ്പല്‍ കമ്പനി ഓഫീസില്‍ നിന്നു ബന്ധപ്പെടുന്നുണ്ടെന്ന് കുടുംബം അറിയിച്ചു. മുംബൈയില്‍ നിന്നാണ് ഡിജോ കപ്പലില്‍ ചേര്‍ന്നത്.

വെള്ളിയാഴ്ച ദുബൈയിലെ ഫ്യൂജേറാ തുറമുഖത്തു നിന്ന് സൗദിയിലെ ജുബൈല്‍ തുറമുഖത്തേക്ക് പോകുകയായിരുന്ന സ്റ്റെനാ ഇംപെറോയെന്ന ബ്രിട്ടീഷ് എണ്ണക്കപ്പല്‍, ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് ഹോര്‍മുസ് കടലിടുക്കില്‍ നിന്നും പിടികൂടിയത്. ജൂണ്‍ 17ന് ഇന്ത്യയിലും കപ്പലെത്തിയിരുന്നു.

എണ്ണടാങ്കര്‍ പിടികൂടിയത് ബ്രിട്ടന്റെ ചെയ്തിക്കുള്ള മറുപടിയാണെന്ന് ഇറാന്റെ വിശദീകരണം. രണ്ടാഴ്ചമുമ്പ് ഇറാന്റെ എണ്ണടാങ്കര്‍ ബ്രിട്ടീഷ് നാവികസേന അകാരണമായി പിടികൂടിയതിനുള്ള മറുപടിയാണിതെന്ന് ഇറാന്റെ പരമോന്നത അധികാരകേന്ദ്രമായ ഗാര്‍ഡിയന്‍ കൗണ്‍സിലിന്റെ വക്താവ് അബ്ബാസ് അലി കാദ്ഖൊദേയ് പ്രതികരിച്ചു.

ബ്രിട്ടന്‍ തടഞ്ഞിട്ട ഇറാന്റെ ടാങ്കര്‍ ഇപ്പോള്‍ ജിബ്രാള്‍ട്ടര്‍ തീരത്ത് 30 ദിവസത്തേക്ക് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. കടല്‍ക്കൊള്ളയ്ക്ക് സമാനമായ നീക്കമാണ് ബ്രിട്ടന്‍ നടത്തിയതെന്ന് ഇറാന്‍ വിദേശമന്ത്രി മുഹമ്മദ് ജാവേദ് സരിഫ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യയിലെ ജുബൈല്‍ തുറമുഖത്തേക്ക് പോകുകയായിരുന്ന സ്റ്റെനാ ഇംപെറോയെന്ന ബ്രിട്ടീഷ് എണ്ണക്കപ്പല്‍, ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് ഹോര്‍മുസ് കടലിടുക്കില്‍ നിന്നും പിടികൂടിയത്.