ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം; തിരിച്ചെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യണം; കേന്ദ്രത്തിന് മുഖ്യമന്ത്രി പിണറായിയുടെ കത്ത്

തിരുവനന്തപുരം: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ജീവനക്കാരില്‍ നാല് മലയാളികളും ഉള്‍പ്പെടുന്നു എന്ന മാധ്യമ വാര്‍ത്തയെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ടു. വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കറിന് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി അടിയന്തര സന്ദേശമയച്ചു.

കപ്പലിലുള്ളവരെ തിരിച്ചെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്നും സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ കപ്പലിലെ ജീവനക്കാരില്‍ നാലു മലയാളികളും ഉണ്ടെന്നാണ് വിവരം. എറണാകുളം കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചനും ഫോര്‍ട്ട്കൊച്ചി, തൃപ്പൂണിത്തുറ, മലപ്പുറം സ്വദേശികളുമാണ് കപ്പലിലുള്ളത്.

ഇവരില്‍ ഒരാള്‍ കപ്പലിലെ ക്യാപ്റ്റനാണ്. ഒരുമാസം മുമ്പാണ് കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചന്‍ കപ്പലില്‍ ജോലിക്ക് കയറിയത്. ശനിയാഴ്ച വെളുപ്പിനെയാണ് കപ്പല്‍ ഇറാന്‍ പിടികൂടിയ വിവരം ഡിജോയുടെ കുടുംബം അറിയുന്നത്. ജോലി ചെയ്തിരുന്ന കമ്പനിയാണ് വിവരം അറിയിച്ചത്. കളമശ്ശേരി കുസാറ്റിനടുത്ത് തേക്കാനത്ത് പാപ്പച്ചന്‍- ഡീന ദമ്പതികളുടെ മകനാണ് ഡിജോ. ലണ്ടനിലുള്ള സഹോദരി ദീപയെ ലണ്ടനിലെ കപ്പല്‍ കമ്പനി ഓഫീസില്‍ നിന്നു ബന്ധപ്പെടുന്നുണ്ടെന്ന് കുടുംബം അറിയിച്ചു. മുംബൈയില്‍ നിന്നാണ് ഡിജോ കപ്പലില്‍ ചേര്‍ന്നത്.

വെള്ളിയാഴ്ച ദുബൈയിലെ ഫ്യൂജേറാ തുറമുഖത്തു നിന്ന് സൗദിയിലെ ജുബൈല്‍ തുറമുഖത്തേക്ക് പോകുകയായിരുന്ന സ്റ്റെനാ ഇംപെറോയെന്ന ബ്രിട്ടീഷ് എണ്ണക്കപ്പല്‍, ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് ഹോര്‍മുസ് കടലിടുക്കില്‍ നിന്നും പിടികൂടിയത്.

അതേസമയം, ഇവരെ മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News