നിസ്സാന്‍ ഉള്‍പ്പെടെയുള്ള കമ്പനികളെ സംസ്ഥാനത്ത് നിലനിര്‍ത്താനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്പനിക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഉദ്യോഗസ്ഥരുടെയും നിസ്സാന്‍ പ്രതിനിധികളുടെയും യോഗത്തില്‍ ചില തീരുമാനങ്ങളെടുത്തിട്ടുണ്ട്. ടോക്യോയില്‍നിന്ന് തിരുവനന്തപുരത്തേക്ക് വിമാനം വേണമെന്ന ആവശ്യമുണ്ട്.

പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞാല്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പങ്കെടുക്കുന്ന വിമാനകമ്പനികളുടെ യോഗം ചേര്‍ന്ന് തീരുമാനമെടുക്കും.ചില മാധ്യമങ്ങള്‍ കുപ്രചാരണം നടത്തുകയാണ്. ഇത് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനമാണ് എന്ന് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐ എം കേരള ഫെയ്‌സ്ബുക്ക് പേജില്‍ തല്‍സമയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പ്രധാന നഗരങ്ങളും ചില രാജ്യങ്ങളും ഈ സ്ഥാപനം അവരുടെ നാട്ടില്‍ വരണമെന്ന് ആഗ്രഹിച്ചതാണ്. കേരളത്തിലാകട്ടെ എന്ന് നിസ്സാന്‍ തീരുമാനിച്ചു. ചില കാര്യങ്ങളില്‍കൂടി തീരുമാനമാകണമെന്നുപറഞ്ഞ് നിസ്സാന്റെ കത്ത് കിട്ടിയ ഉടന്‍ യോഗം വിളിച്ചു തീരുമാനമെടുത്തു. ചില കാര്യങ്ങള്‍ സംസ്ഥാനത്തിനുമാത്രം ചെയ്യാന്‍ പറ്റുന്നതാകില്ല. മറ്റു കമ്പനികളെയും ഞകേരളത്തില്‍ നിലനിര്‍ത്തും-മുഖ്യമന്ത്രി പറഞ്ഞു.

ചിലര്‍ക്ക് താല്‍പ്പര്യം വിവാദം സൃഷ്ടിക്കലാണ്. റീബില്‍ഡ് കേരളത്തിന്റെഭാഗമായി ലോകബാങ്ക് അധികൃതര്‍ അടക്കം പങ്കെടുത്ത യോഗത്തിന്റെ വാര്‍ത്തപോലും ജനങ്ങളില്‍നിന്ന് മറച്ചു. നമ്മുടെ നാടിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ ജനങ്ങളില്‍ എത്തരുതെന്ന് ചിന്തിക്കുന്ന മാധ്യമങ്ങളുണ്ട്. ഇത് നമ്മുടെ നാടിന് മാത്രമുള്ള ശാപമാണ്- മുഖ്യമന്ത്രി പറഞ്ഞു.