ഇറാന്‍ ബ്രിട്ടീഷ് പതാകയുള്ള കപ്പല്‍ പിടിച്ചെടുത്തതോടെ ഗള്‍ഫ് മേഖലയില്‍ വീണ്ടും സംഘര്‍ഷഭീതി

ഇറാന്‍ ബ്രിട്ടീഷ് പതാകയുള്ള കപ്പല്‍ പിടിച്ചെടുത്തതോടെ ഗള്‍ഫ് മേഖലയില്‍ വീണ്ടും സംഘര്‍ഷഭീതി. അമേരിക്കയ്ക്കു പിന്നാലെ ബ്രിട്ടനും ഇറാനെതിരേ സാമ്പത്തിക ഉപരോധത്തിനു തയാറെടുപ്പു തുടങ്ങി.സിറിയയ്ക്കെതിരായ ഉപരോധം ലംഘിച്ച് അവിടേക്ക് എണ്ണ കൊണ്ടുപോകുന്നു എന്ന പേരിലാണു ഗ്രേസ് 1 എണ്ണ കപ്പല്‍ കഴിഞ്ഞ നാലിനു ബ്രിട്ടന്‍ ജിബ്രാള്‍ട്ടര്‍ തീരത്തുനിന്നു പിടിച്ചത്. നടപടി ഇറാനെ ലക്ഷ്യമിട്ടല്ലെന്ന ബ്രിട്ടന്റെ ന്യായീകരണം അവര്‍ വിശ്വസിക്കുന്നില്ല.

യു.എസ്. ഉപരോധത്തിനു ബ്രിട്ടന്‍ കൂട്ടുനില്‍ക്കുകയാണെന്നാണു കുറ്റപ്പെടുത്തല്‍. ഇറാന്‍ സൈന്യം പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു . കപ്പലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ മോചനത്തിനായി ഇറാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടു കഴിഞ്ഞെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി.

അതെ സമയം ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ മോചനത്തിനായി ബ്രിട്ടീഷ് സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കി . പ്രശ്‌ന പരിഹാരത്തിന് കാവല്‍ പ്രധാനമന്ത്രി തെരേസ മേ ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. അതേ സമയം, പിടിച്ചെടുത്ത കപ്പലില്‍ ഇറാന്‍ പതാക ഉയര്‍ത്തി. ഇതിനിടെ ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നേരത്തെ തുടങ്ങിയതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.വെള്ളിയാഴ്ച അര്‍ദ്ധരാത്രി ഇറാന്‍ സേനാ വിഭാഗമായ റെവല്യൂഷനറി ഗാര്‍ഡ്‌സ് പിടിച്ചെടുത്ത കപ്പിലിലെ 23 ജീവനക്കാരെ മോചിപ്പിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നുവെന്ന പ്രതിപക്ഷ വിമര്‍ശനത്തിനിടെയാണ് തെരേസ മേയുടെ ഇടപെടല്‍.

ടാങ്കര്‍ മോചിപ്പിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് ഇറാന് മുന്നറിയിപ്പ് നല്‍കി. തെഹ്‌റാനിലുള്ള ബ്രിട്ടീഷ് സ്ഥാനപതി ഇറാന്‍ അധികൃതരുമായി ചര്‍ച്ച നടത്തിവരികയാണെന്നും ഹണ്ട് അറിയിച്ചു. മേഖലയിലൂടെ യാത്ര ചെയ്യുന്നതില്‍ നിന്ന് ബ്രിട്ടീഷ് കപ്പലുകളെ താത്കാലികമായി വിലക്കിയതായി ബ്രിട്ടന്‍ അറിയിച്ചു. രാജ്യാന്തര വിപണിയിലെത്തുന്ന എണ്ണയുടെ മൂന്നിലൊന്നു കടന്നുപോകുന്നത് ഇറാനും ഒമാനുമിടയിലുള്ള ഹോര്‍മുസ് കടലിടുക്കിലൂടെയാണ്.

ഇതിലേയുള്ള കപ്പല്‍ഗതാഗതം അപകടനിഴലിലായതോടെ രാജ്യാന്തര എണ്ണവില രണ്ടര ശതമാനത്തോളം വര്‍ധിച്ചു. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം സുഗമമാക്കാനെന്ന പേരില്‍ അമേരിക്ക ഈ മേഖലയില്‍ നിരീക്ഷണം ശക്തമാക്കി. സൗദി അറേബ്യ സമ്മതമറിയിച്ചതോടെ യു.എസ്. െസെന്യം അവിടെ വീണ്ടും താവളമൊരുക്കുകയാണ്.

ഇറാനുമായുള്ള ആണവക്കരാറില്‍നിന്ന് അമേരിക്ക കഴിഞ്ഞ വര്‍ഷം മേയില്‍ ഏകപക്ഷീയമായി പിന്മാറി ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ തുടങ്ങിയ സംഘര്‍ഷാന്തരീക്ഷമാണ് ഇറാന്റെ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തതോടെ കനക്കുന്നത്. ബ്രിട്ടീഷ് പതാക വഹിക്കുന്ന കപ്പല്‍ പിടിച്ച് ഇറാന്‍ ചെറുത്തുനില്‍പ്പിലാണ്.

തങ്ങള്‍ക്ക് ആധിപത്യമുള്ള ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ ഗതാഗതം ഭീഷണിയുടെ നിഴലിലാക്കിയാണ് ഇറാന്‍ സമ്മര്‍ദതന്ത്രം ഒരുക്കുന്നത്.ഇതുവഴി കടന്നുപോയ സ്റ്റെനാ ഇംപെര്‍നോ എന്ന ബ്രിട്ടീഷ് കപ്പല്‍ അവര്‍ വെള്ളിയാഴ്ച പിടിച്ചെടുത്തത് ഇതിന്റെ ഭാഗമാണ്. മേഖലയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലേക്ക് കൂടുതല്‍ സൈനികരെ അയക്കാന്‍ തീരുമാനിച്ചതായി അമേരിക്ക അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News