ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ ടോട്ടനത്തിന്റെ ഇംഗ്‌ളണ്ട് താരം ഹാരി കെയ്‌നിന്റെ കിടിലന്‍ ഗോളില്‍ യുവന്റസിന് തോല്‍വി. ഇഞ്ച്വറി ടൈമിന്റെ മൂന്നാം മിനിറ്റിലായിരുന്നു മൈതാന മധ്യത്തുനിന്ന് ഹാരി കെയ്ന്‍ ടോട്ടനത്തിനുവേണ്ടി വിജയ ഗോള്‍ നേടിയത്. 93-ാം മിനിറ്റില്‍ യുവെ ഗോള്‍ കീപ്പര്‍ ചെസ്നി സ്ഥാനം തെറ്റിനില്‍ക്കുന്നത് മുതലെടുത്ത് കെയ്ന്‍ തൊടുത്ത ഷോട്ട് ടോട്ടനത്തിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു.

രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ടോട്ടനം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും സംഘത്തെയും തോല്‍പ്പിച്ചത്. ഒരു ഘട്ടത്തില്‍ 2 – 1 ന് പിന്നില്‍ നിന്ന ശേഷമാണ് ടോട്ടനം മത്സരം സ്വന്തമാക്കിയത്. ആദ്യ പകുതിയുടെ മുപ്പതാം മിനിറ്റില്‍ എറിക് ലമേലയിലൂടെ ടോട്ടനമാണ് ആദ്യം മുന്നിലെത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗോണ്‍സാലോ ഹിഗ്വെയ്നും പിന്നാലെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സ്‌കോര്‍ ചെയ്തതോടെ യുവെന്റസ് മുന്നിലെത്തി.

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് യുവെ മത്സരം സ്വന്തമാക്കുമെന്ന ഘട്ടത്തില്‍ ലൂക്കാസ് മോറയിലൂടെ ടോട്ടനം സമനില പിടിച്ചു. അതിനു ശേഷമായിരുന്നു ടോട്ടനത്തിന്റെ വിജയമുറപ്പിച്ച കെയ്നിന്റെ ഗോള്‍.യുവെന്റസിനുവേണ്ടി സൂപ്പര്‍ കൗമാരത താരം ഡി ലിറ്റിന്റെയും പുതിയ പരിശീലകന്‍ മാറീസിയോ സാറിയുടെയും അരങ്ങേറ്റ മത്സരമാണ് തോല്‍വിയില്‍ അവസാനിച്ചത്.