തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിന്റെ പേരില്‍ ചാനല്‍ ചര്‍ച്ചകളില്‍ വിദ്യാര്‍ത്ഥിയെന്ന ലേബലില്‍ വന്നിരുന്ന് എസ്എഫ്ഐക്കെതിരെ ആരോപണമുന്നയിച്ചത് കെഎസ്.യു നേതാവ്.

കെഎസ്.യു യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് പ്രസിഡന്റ് അമല്‍ ചന്ദ്രനെയാണ് നിഷ്പക്ഷന്‍ എന്ന മട്ടില്‍ മലയാളം ചാനലുകള്‍ ദിവസങ്ങളായി അവതരിപ്പിച്ചത്. മനോരമ ന്യൂസ്, മാതൃഭൂമി തുടങ്ങിയ ചാനലുകളിലെ പ്രൈംടൈം ചര്‍ച്ചകളില്‍ അമല്‍ പങ്കെടുത്തിരുന്നു.

മറ്റ് വിദ്യാര്‍ത്ഥി നേതാക്കളെയെല്ലാം അവരുടെ സംഘടനയുടെ പേരില്‍ അവതരിപ്പിച്ചപ്പോള്‍ അമലിന്റെ പേരിനുതാഴെ വിദ്യാര്‍ത്ഥി എന്ന് മാത്രമായിരുന്നു ഈ ചാനലുകള്‍ നല്‍കിയത്.

യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കാലതാമസമൊന്നുമില്ലാതെ ശക്തമായ നടപടിയാണ് എസ്എഫ്ഐ സ്വീകരിച്ചത്.

എന്നാല്‍ അതിനുശേഷവും എസ്എഫ്ഐയെ ഒറ്റതിരിഞ്ഞ് നുണവാര്‍ത്തകളിലൂടെ ആക്രമിക്കാനുള്ള ശ്രമമാണ് ചില മാധ്യമങ്ങള്‍ നടത്തിയത്. വിദ്യാര്‍ത്ഥികളാകട്ടെ, തങ്ങള്‍ എസ്എഫ്ഐക്കൊപ്പമാണെന്ന് വ്യക്തമാക്കി പറഞ്ഞിട്ടും യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ തകര്‍ന്നു എന്ന പ്രചരണമാണ് മാധ്യമങ്ങള്‍ നടത്തിയത്.