
കേരളാ തമിഴ്‌നാട് അതിര്‍ത്തിയില്‍ വീണ്ടും നിര്‍മ്മല്‍ മോഡല്‍ തട്ടിപ്പ്. സ്വര്‍ണ്ണപണയ സ്ഥാപനത്തില്‍ നിക്ഷേപം നടത്തിയവരുടെ പണവും ,സ്വര്‍ണ്ണവുമായി ഉടമസ്ഥന്‍ മുങ്ങി. കേരളാ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രാന്‍കു ആല്‍വിന്‍ എന്ന സ്ഥാപന ഉടമയാണ് ഇടപാടുകാരുടെ മൂന്ന് കോടി രൂപയുമായി മുങ്ങിയത്.
കേരളാ അതിര്‍ത്തിയായ പാറശാലക്ക് അടുത്ത് പളുകലിലാണ് നിര്‍മ്മല്‍ ചിട്ടി തട്ടിപ്പിന് സമാനമായ തട്ടിപ്പ് നടന്നത്. ഫ്രാന്‍കു ആല്‍വിന്‍ എന്ന സ്വര്‍ണ്ണ പണയ സ്ഥാപനം നടത്തുന്ന ഫ്രാന്‍ക്ലിന്‍ എന്ന വ്യക്തിയാണ് ഇടപാടുകാരുടെ മൂന്ന് കോടിരൂപയുടെ സ്വര്‍ണ്ണവും പണവുമായി മുങ്ങിയത്. മൂന്ന് മാസമായി ഇയാളെ കാണാതായിട്ട് . പളുകല്‍ പോലീസില്‍ പരാതി നല്‍കിയിട്ടും പോലീസ് ഗൗരവമായി എടുത്തില്ലെന്ന് നാട്ടുകാര്‍ക്ക് പരാതി ഉണ്ട്.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ജില്ലാ ക്രൈംബ്രാഞ്ച് എസ്‌ഐ കനിദാസിന്റെ നേതൃത്വത്തില്‍ പളുകലിലെ സ്ഥാപനത്തില്‍ പരിശോധന നടത്തിയെങ്കിലും പണമോ സ്വര്‍ണ്ണമോ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒരു ബാങ്കിന്റെ ലൈസെന്‍സ് ഉപയോഗിച്ച് അനധികൃതമായി മറ്റ് രണ്ട് ബാങ്കുകള്‍ കേരളത്തില്‍ ഇയാള്‍ നടത്തിയിരുന്നതായി അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു.
ഇടപാടുകാര്‍ പണയം വെയ്ക്കുന്ന സ്വര്‍ണ്ണം മറ്റ് ചില ബാങ്കുകളില്‍ ഫ്രാന്‍ക്ലിന്‍ പണയപെടുത്തിയിരുന്നായും അന്വേഷണ സംഘം സംശയിക്കുന്നു.ചെറിയ തവണ വ്യവസ്ഥകളിലായി പണം അടച്ച് സ്വര്‍ണ്ണം തിരികെ വാങ്ങാനുളള സൗകര്യമാണ് ഇടപാടുകാരെ ബാങ്കിലേക്ക് ആകര്‍ഷിച്ചിരുന്നത്. തട്ടിപ്പ് നടത്തിയ ഫ്രാന്‍ക്ലിന്‍ തമിഴ്‌നാട് പോലീസിലെ പോലീസ് ഉദ്യോഗസ്ഥന്റെ ഭര്‍ത്താവ് ആണ് . കേസുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here