പ്രേംജിയുടെ ഇടം സാംസ്‌കാരിക കേരളത്തിന്റെ ഭവനമായി മാറണം-രാവുണ്ണി

തൃശുര്‍:പ്രേംജിയുടെ വീട് തകരുന്നു എന്ന വാര്‍ത്ത ഹൃദയഭേദകമാണ്. ഇ എം എസ്സും വി.ടി.യും എംആര്‍ബിയും സി.അച്ചുതമേനോനുമുള്‍പ്പെടെയുള്ള ഉല്‍പ്പതിഷ്ണുക്കള്‍ ലോകത്തെ മാറ്റിപ്പണിയാന്‍ തമ്പടിച്ച വീടാണത്. ആ വീട്ടില്‍ ഉയര്‍ന്ന ശബ്ദം കേരളം മുഴുവന്‍ മുഴങ്ങി. കേരളത്തില്‍ മാറ്റത്തിന്റെ കാറ്റുവിതച്ച വീടാണിത്. മനുഷ്യരാവുക എന്ന് ഓരോ ആളുടെയും ഹൃദയത്തില്‍ മുട്ടി വിളിച്ചു പറഞ്ഞ വീടാണിത്. പൂങ്കുന്നം എന്ന ദേശത്തിനെ നമ്മുടെ നാടിന്റെ ചെങ്കുന്നവും വെണ്‍കുന്നവും പൊന്‍കുന്നവുമാക്കി മാറ്റിയ വീടാണിത്. മാറുക, മാറുക എന്ന് ഓരോ മനുഷ്യനോടും ഈ വീട് വിളിച്ചു പറഞ്ഞു.

ഇരുട്ടുമൂടിയ നാടുകളില്‍ നിന്നു നവോത്ഥാനത്തിന്റെ വെളിച്ചം തേടി യുവത്വം ഇരമ്പിയെത്തിയത് ഇവിടേയ്ക്കാണ്. നാടകത്തിന്റെ അലകും പിടിയും പണിത ആലയാണ് ഈ വീട്. കെട്ട ലോകത്തിന്റെ അക്ഷരത്തെറ്റുകള്‍ തിരുത്തിയതാണീ വീട്. കെട്ട കാലത്തിന്റെ അനീതിയെ മായ്ച്ചതാണീ വീട്. സാര്‍വദേശീയ ഗാനത്തെ മലയാളമാക്കി വിളക്കിയെടുത്താണീ വീട്. അക്ഷരകലയുടെ ഞാറ്റടിയാണീ വീട്. ചെമ്പരത്തിയുടെ ഉദ്യാനമാണ് ഈ വീട്.’നമ്മളൊന്ന് ‘ എന്നാണീ വീടിന്റെ ശരിയായ പേര്. നാട്യങ്ങളില്ലാത്ത മഹാനടനാണ് ഈ വീടിന്റെ കാവലാള്‍.

പ്രേംജി എന്നത് വെളിച്ചത്തിന്റെ ,കര്‍മ്മശേഷിയുടെ, ഇച്ഛാശക്തിയുടെ, അതിജീവനത്വരയുടെ പേരാണ്.ഈ വീട് വീണുപോകരുത്. നാം വീഴുന്നതിനേക്കാള്‍ ഭയങ്കരമാണത്. നമ്മള്‍ കാവല്‍ നില്‍ക്കണം. ഇത് കേരളത്തിന് വിട്ടുതരാം എന്നാണ് നീലന്‍ പറഞ്ഞത്. കേരള സര്‍ക്കാരും സാംസ്‌കാരിക വകുപ്പും അക്കാദമികളും കലാ സാഹിത്യ പ്രസ്ഥാനങ്ങളും ജനാധിപത്യ പുരോഗമന ശക്തികളും ഒറ്റ മനസ്സായി ഈ വീട്ടിലേക്ക് കടന്നു വരണം. നമ്മുടെ പൈതൃകമാണിത്. നമ്മുടെ വെളിച്ചമാണിത്. നമ്മുടെ അന്നമാണിത് .നമ്മുടെ വിത്താണിത്. നമ്മളിത് ഏറ്റെടുക്കണം. ഉയര്‍ത്തിപ്പിടിക്കണം.കാത്തു രക്ഷിക്കണം.നമ്മള്‍ നമ്മളായിരിക്കാന്‍. നാളെ നമ്മുടേതായിരിക്കാന്‍…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News