നിപ രോഗബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥി 55 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇന്ന് ആശുപത്രി വിടും. കേരളത്തെ ആശങ്കയിലാക്കി രണ്ടാമതും എത്തിയ നിപയെ പ്രതിരോധിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍ നടത്തും. ആരോഗ്യമേഖലയും സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ജീവഹാനി ഉണ്ടാകാതെ നിപയെ തുരുത്താനായത്.

നിപ വൈറസ് എന്ന മഹാരോഗത്തെ കേരളം വീണ്ടും അതിജീവിച്ചു. കഴിഞ്ഞ വര്‍ഷം കോഴിക്കോട്ട് 18 പേരുടെ ജീവന്‍ അപഹരിച്ച നിപ എറണാകുളത്ത് വീണ്ടും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആശങ്കയായിരുന്നു ആദ്യം. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ആരോഗ്യമേഖലയും ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ ഒരു ജീവഹാനി പോലും ഇല്ലാതെ നിപയെ തുരുത്താനായി.

നിപ രോഗം സ്ഥിരീകരിച്ച പറവൂര്‍ തുരുത്തിപ്പുറം സ്വദേശിയായ യുവാവ് 55 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇന്ന് ആശുപത്രി വിടും. മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശത്തിന് വിധേയമായാണ് ഡിസ്ച്ചാര്‍ജ് ചെയ്യുന്നത്. തൊടുപുഴയിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ യുവാവിനെ മേയ് 29നാണ് എറണാകുളത്തെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചത്. നിപ സ്ഥിരീകരിച്ചതോടെ വിദ്യാര്‍ത്ഥിയുമായി സന്പര്‍ക്കത്തിലേര്‍പ്പെട്ട 500റിലധികം പേരെ നിരീക്ഷണത്തിലാക്കി.

കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രത്യേക ഐസലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കി സംശയമുളളവരെ നിരീക്ഷിച്ചു. രോഗിയുടെ സാന്നിധ്യമുണ്ടായിരുന്ന പറവൂരും തൊടുപുഴയിലും തൃശൂരിലും പ്രതിരോധ പ്രവര്‍ത്തനങ്ങളും ജാഗ്രതാ നിര്‍ദേശവും നല്‍കി. ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചറുടെ നേതൃത്വത്തില്‍ കോഴിക്കോട്ട് നിന്നടക്കമുളള വിദഗ്ധ സംഘമടക്കം കൊച്ചിയില്‍ ക്യാന്പ് ചെയ്ത് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി.

പിഴവുകളില്ലാത്ത ചികിത്സകളിലൂടെയും പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയുമാണ് നിപ വൈറസിനെ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ സാന്നിധ്യത്തിലാകും നിപ രോഗബാധിതനായിരുന്ന വിദ്യാര്‍ത്ഥി ഇന്ന് ആസ്റ്റര്‍ മെഡിസിറ്റിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുക. അതോടൊപ്പം നിപയെ രണ്ടാമതും തോല്‍പ്പിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനവും ആരോഗ്യമന്ത്രി നടത്തും.