ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കളായ ലണ്ടന്‍ മുന്‍ മേയര്‍ ബോറിസ് ജോണ്‍സണും വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടും തമ്മിലാണ് മത്സരം. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നയാള്‍ നാളെ ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും.

ബ്രക്‌സിറ്റ് ചര്‍ച്ചകളിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പലവട്ടം കാലിടറി രാജിവയ്ക്കുന്ന തെരേസ മേയുടെ പിന്‍ഗാമിയെ കാത്തിരിക്കുന്നത് ബ്രക്‌സിറ്റ് യാഥാര്‍ഥ്യമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ്. എന്നാല്‍, പ്രധാനമന്ത്രിയായി എത്തുന്നയാളുടെ മുന്നില്‍ ബ്രക്‌സിറ്റ് മാത്രമല്ല വെല്ലുവിളി ബ്രിട്ടനിപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന എണ്ണക്കപ്പല്‍ പ്രതിസന്ധിയും പ്രധാന വെല്ലുവിളിയാകും.

ഇറാനെതിരായി നീങ്ങാന്‍ അന്താരാഷ്ട്ര സഹകരണം തേടുന്ന ബ്രിട്ടന് അനുകൂലമല്ല സാഹചര്യമല്ല നിലവിലുള്ളത്. ബ്രക്‌സിറ്റ് ചര്‍ച്ചകളില്‍ പോറലേറ്റ യൂറോപ്യന്‍ ബന്ധവും ആണവകരാറും ബ്രിട്ടിഷ് അംബാസിഡറുടെ ഇമെയില്‍ വിവാദവും വരുത്തിവച്ച അമേരിക്കയുടെ അനിഷ്ടവും തിരിച്ചടിയാകാനാണ് സാധ്യത. ആഭ്യന്തരതലത്തിലും കാര്യങ്ങള്‍ എളുപ്പമല്ല. ഇറാന്റെ കപ്പല്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ നടപടിയില്‍ എംപിമാര്‍ക്കുതന്നെ അഭിപ്രായവ്യത്യാസമുണ്ട്.

പ്രധാനമന്ത്രിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന കടുത്ത വലതുപക്ഷക്കാരനായ ബോറിസ് ജോണ്‍സണോട് സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ എതിര്‍പ്പുകളുണ്ട്. പ്രതിപക്ഷവും ഇടഞ്ഞാണ് നില്‍ക്കുന്നത്. അതേസമയം, പുതിയ പ്രധാനമന്ത്രി ചുമതലയേല്‍ക്കുന്നതിന്റെ പിറ്റേന്ന് അവിശ്വാസപ്രമേയം അവതരിപ്പിക്കാനൊരുങ്ങുകയാണ് ലേബര്‍ പാര്‍ട്ടി. എന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ചുരുക്കം പേര്‍ വിചാരിച്ചാല്‍ മാത്രം മതി പ്രമേയം പരാജയപ്പെടാന്‍.

14 ദിവസത്തിനകം വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ താഴെ വീഴും. പിന്നെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. പാര്‍ലമെന്റിന് ആറാഴ്ചത്തെ വേനലവധി തുടങ്ങുന്നത് വെള്ളിയാഴ്ചയാണ്. അതുവരെ കാത്തിരിക്കാന്‍ ലേബര്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ പുതിയ പ്രധാനമന്ത്രിക്ക് ബ്രക്‌സിറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം. പക്ഷേ ധാരണയില്ലാത്ത ബ്രക്‌സിറ്റാവാം എന്ന ബോറിസ് ജോണ്‍സന്റെ നിലപാടിനോട് ഭൂരിപക്ഷത്തിനും യൂറോപ്യന്‍ യൂണിയനും യോജിപ്പില്ല.