വളര്‍ത്ത് നായക്ക് അവിഹിതം; തെരുവില്‍ ഉപേക്ഷിച്ച ഉടമക്കെതിരെ അന്വേഷണം

വളര്‍ത്തു നായയെ വഴിയില്‍ ഉപേക്ഷിക്കുന്ന വാര്‍ത്തകള്‍ സാധാരണമാണ്. എന്നാല്‍ വിചിത്രമായൊരു കാരണത്തിന്റെ പേരില്‍ വളര്‍ത്തു നായയെ ഉപേക്ഷിച്ച സംഭവമാണ്
ഇപ്പോള്‍ വൈറലാകുന്നത്. അടുത്തുള്ള ഒരു പട്ടിയുമായി അവിഹിത ബന്ധം കണ്ടത് കൊണ്ടാണത്രേ അജ്ഞാതനായ ആ മനുഷ്യന്‍ നായയെ ഉപേക്ഷിച്ചത്. ശ്രീദേവി എസ് കര്‍ത്തയാണ് ഫെയ്‌സ്ബുക്കിലൂടെ ഈ സംഭവം പുറംലോകത്തെ അറിയിച്ചിരിക്കുന്നത്.

സ്വന്തം വീട്ടില്‍ വളര്‍ത്തിയ പോമറേനിയന്‍ പെണ്‍ പട്ടി അടുത്ത വീട്ടിലുള്ള പട്ടിയുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന കാരണത്താല്‍ ഉടമ പട്ടിയെ തെരുവില്‍ ഉപേക്ഷിച്ചു. ഞായറാഴ്ച രാത്രിയില്‍ ചാക്ക വേള്‍ഡ് മാര്‍ക്കറ്റിന്റെ മുന്നില്‍ ഉപക്ഷേക്കിപ്പെട്ട നിലയില്‍ പോമറേനിയന്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്നതായി പീപ്പിള്‍ ഫോര്‍ അനിമല്‍ അംഗം ഷമീം ഫാറൂഖിനെ ആരോ അറിയിക്കുകയായിരുന്നു.

കഴുത്തില്‍ കോളര്‍ ഘടിപ്പിച്ച നിലയിലായിരുന്നു പൊമേറിയനെ കണ്ടത്. പരിചയമില്ലാത്ത സ്ഥലത്ത് പരിഭ്രാന്തിയിലായിരുന്ന ഈ പെണ്‍ പട്ടിയെ ഷമീം തന്റെ വീട്ടിലേക്ക് കൊണ്ട് വന്നു. പട്ടിയുടെ കഴുത്തില്‍ കെട്ടിയിരിന്ന കോളറില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ഒരു കുറിപ്പ് ഉണ്ടായിരുന്നു. ഉടമ എഴുതി വച്ചിരുന്ന കത്തില്‍ നിന്നുമാണ് പട്ടിയെ ഉപേക്ഷിക്കാനുള്ള കാരണം അറിഞ്ഞത്.

കത്ത് ഇപ്രകാരമായിരുന്നു: ‘നല്ല ഒന്നാന്തരം ഇനമാണ് .നല്ല ശീലം .അമിത ഭക്ഷണം ആവശ്യമില്ല .രോഗങ്ങള്‍ ഒന്നും ഇല്ല. അഞ്ച് ദിവസം കൂടുമ്പോള്‍ കുളിപ്പിക്കും. കുര മാത്രമേയുള്ളൂ. 3വര്‍ഷമായി ആരെയും കടിച്ചിട്ടില്ല, പാല്‍, ബിസ്‌ക്കറ്റ്, പച്ച മുട്ട ഇവയാണ് പ്രധാനമായും കൊടുത്തിരുന്നത്. അടുത്തുള്ള ഒരു പട്ടിയുമായി അവിഹിത ബന്ധം കണ്ടത് കൊണ്ടാണ് ഇപ്പോള്‍ ഉപേക്ഷിക്കുന്നത് . അനാഥനായി തെരുവില്‍ ഉപേക്ഷിക്കപ്പെട്ട ഇതിനെ വളര്‍ത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് നല്‍കുമെന്ന് ഷമീം അറിയിച്ചു. അതേ സമയം നായയെ ഉപേക്ഷിച്ച ആളെ കണ്ടുപിടിക്കാനുള്ള ശ്രമവും നടക്കുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here