അമേരിക്കന്‍ മുന്‍ മോഡല്‍ കാതറിന്‍ മയോര്‍ഗ നല്‍കിയ പീഡന കേസില്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റ പോര്‍ച്ചുഗള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരേ തെളിവുകളില്ലെന്ന് കോടതി. റൊണാള്‍ഡോയ്ക്കെതിരായ ആരോപണത്തില്‍ ചില സംശയങ്ങള്‍ മാത്രമാണ് നിലനില്‍ക്കുന്നതെന്നും ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും കോടതി വ്യക്തമാക്കി. തെളിവുകളൊന്നുമില്ലാത്ത സാഹചര്യത്തില്‍ റൊണാള്‍ഡോയ്‌ക്കെതിരായ കേസ് ഇനി തുടരാനാവില്ലെന്ന് ക്ലാര്‍ക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി സ്റ്റീവ് വൂള്‍സണ്‍ അറിയിച്ചു.

2009 ജൂണ്‍ 13-ന് ലാസ് വേഗസിലെ ഹോട്ടലില്‍ വെച്ച് റൊണാള്‍ഡോ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കഴിഞ്ഞ വര്‍ഷമാണ് കാതറിന്‍ മയോര്‍ഗ ആരോപണമുന്നയിച്ചത്.നിശാ ക്ലബ് ജീവനക്കാരിയായിരുന്ന മയോര്‍ഗയുടെ ആരോപണം ഇങ്ങനെ. ലാസ് വെഗാസില്‍ ബന്ധുക്കള്‍ക്കൊപ്പം അവധിക്കാലം ചെലവിടാനെത്തിയ റൊണാള്‍ഡോ, തന്നെ മുറിയിലേക്ക് ക്ഷണിക്കുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു.

എതിര്‍പ്പറിയിച്ചപ്പോള്‍ ഒരു ചുംബനം നല്‍കിയാല്‍ പോകാന്‍ അനുവദിക്കാമെന്ന് റൊണാള്‍ഡോ പറഞ്ഞു. താന്‍ അതിന് തയ്യാറായപ്പോള്‍ റൊണാള്‍ഡോ മോശമായി പെരുമാറാന്‍ തുടങ്ങി. പിന്നീട് തന്നെ ബലമായി കിടക്കയിലേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്യുകയായിരുന്നു. ഒടുവില്‍ റൊണാള്‍ഡോ ക്ഷമ ചോദിച്ചെന്നും യുവതി പറയുന്നു.പിന്നീട് പീഡനവിവരം പുറത്തു പറയാതിരിക്കാന്‍ റൊണാള്‍ഡോ 37,5000 ഡോളര്‍ നല്‍കിയെന്നും യുവതി പറഞ്ഞിരുന്നു. വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് യുവതിയെ താരം ഭീഷണിപ്പെടുത്തിയതായും ജര്‍മന്‍ മാധ്യമമായ ഡെര്‍ സ്പീഗലില്‍ വന്ന റിപ്പോര്‍ട്ടിലുണ്ടായിരുന്നു. റൊണാള്‍ഡോ മാഞ്ചെസ്റ്റര്‍ വിട്ട് റയലിലേക്ക് മാറുന്ന സമയത്തായിരുന്നു സംഭവം നടക്കുന്നത്.

എന്നാല്‍ ഇക്കാര്യങ്ങളെല്ലാം റൊണാള്‍ഡോ നിഷേധിച്ചിരുന്നു. ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതി വ്യാജമാണെന്ന് റൊണാള്‍ഡോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. തന്റെ പേരുപയോഗിച്ച് പ്രശസ്തി നേടാനുള്ള ശ്രമമാണ് യുവതി നടത്തുന്നതെന്നും താരം ആരോപിച്ചിരുന്നു