സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിക്കൊണ്ട് വീണ്ടുമെത്തിയ നിപ വൈറസില്‍ നിന്നും വിമുക്തമായതായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ ഔദ്യോഗിക പ്രഖ്യാപനം. നിപയെ പ്രതിരോധിക്കാന്‍ സര്‍ക്കാരിനും ആരോഗ്യവകുപ്പിനുമൊപ്പം കൈകോര്‍ത്ത ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ജീവനക്കാരെയും ആരോഗ്യമന്ത്രി ചടങ്ങില്‍ ആദരിച്ചു. നിപ രോഗബാധിതനായി ചികിത്സയിലായിരുന്ന പറവൂര്‍ തുരുത്തിപ്പുറം സ്വദേശിയായ വിദ്യാര്‍ത്ഥി പൂര്‍ണ ആരോഗ്യവാനായി ഇന്ന് ആശുപത്രി വിട്ടു.

അതിജീവനം എന്ന പേരില്‍ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ നടന്ന പരിപാടിയിലായിരുന്നു ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിപ എന്ന മഹാവിപത്തിനെ വീണ്ടും ചെറുത്തു തോല്‍പ്പിച്ചതായി പ്രഖ്യാപിച്ചത്. സര്‍ക്കാരും ആരോഗ്യമന്ത്രാലയവും ഉണര്‍ത്തു പ്രവര്‍ത്തിച്ചപ്പോള്‍ കൈകോര്‍ത്ത് കൂടെ നിന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സ്മാര്‍ക്കും ജീവനക്കാര്‍ക്കും ആരോഗ്യമന്ത്രി പേരെടുത്ത് പറഞ്ഞ് നന്ദിയറിയിച്ചു. ചടങ്ങില്‍ എല്ലാവര്‍ക്കും മെമൊന്റോ സമ്മാനിച്ച് സ്‌നേഹാദരവും നല്‍കി. ജില്ലാ കളക്ടര്‍ സുഹാസ് ഐഎഎസ്, ആസ്റ്റര്‍ മെഡിസിറ്റി എംഡി ഡോ. ആസാദ് മൂപ്പന്‍, സിഇഒ ഹരീഷ് പിളള തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കേരളത്തിന് സ്വന്തമായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ത്ഥ്യമായാല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ 50 ലക്ഷം രൂപ നല്‍കുമെന്ന് ആസ്റ്റര്‍ മെഡിസിറ്റി എംഡി ആസാദ് മൂപ്പന്‍ അറിയിച്ചു. നിപ രോഗബാധിതനായി ചികിത്സയിലായിരുന്ന പറവൂര്‍ തുരുത്തിപ്പുറം സ്വദേശിയായ യുവാവ് ഇന്ന് ആശുപത്രി വിട്ടു. 53 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് വിദ്യാര്‍ത്ഥി വീട്ടിലേക്ക് മടങ്ങിയത്.

പത്ത് ദിവസത്തിനകം തന്നെ യുവാവിന് കോളേജില്‍ പഠനത്തിനായി പോകാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം കോഴിക്കോട്ട് 18 പേരുടെ ജീവന്‍ അപഹരിച്ച നിപ എറണാകുളത്ത് വീണ്ടും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആശങ്കയായിരുന്നു ആദ്യം. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ആരോഗ്യമേഖലയും ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ ഒരു ജീവഹാനി പോലും ഇല്ലാതെ നിപയെ പ്രതിരോധിക്കുകയായിരുന്നു