മുംബൈ നഗരത്തില്‍ താമസിക്കുന്നവര്‍ക്ക് ഈ നഗരമൊരു വികാരമാണ് . മുംബൈയുടെ മുഖമൊന്ന് തെളിഞ്ഞാല്‍ സന്തോഷിക്കുന്നവരാണ് പലരും. മുംബൈ നഗരത്തിന്റെ ഓരോ സ്പന്ദനവും ഇവര്‍ക്കെല്ലാം നിത്യ ജീവിതത്തിന്റെ ഭാഗമാണെന്ന് പറയാം. കരുതലോടെയും സ്‌നേഹത്തോടെയുമാണ് ഇവിടെ ജീവിക്കുന്നവര്‍ നഗരത്തെ പരിപാലിക്കുവാന്‍ ഇഷ്ടപ്പെടുന്നത്.

പ്രളയം വന്ന് വിഴുങ്ങുമ്പോഴും തീവ്രവാദികള്‍ ആക്രമിച്ചപ്പോഴുമെല്ലാം ഞൊടിയിടയില്‍ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തുന്ന അതിജീവനശേഷിയുടെ രഹസ്യവും നഗരവാസികളുടെ കരുതലും ആര്‍ജവവും തന്നെയാണ്. വിഭിന്ന ഭാഷക്കാരായ ധനികരും ദരിദ്രരുമായ നഗരവാസികള്‍ ഒരേ മനസോടെ തിങ്ങി പാര്‍ക്കുന്ന ഇടം കൂടിയാണ് മുംബൈ.

മലിനീകരണത്തിന് ചീത്ത പേര് കേട്ട നഗരമാണ് മുംബൈ എന്നിരിക്കിലും മനസ്സ് കൊണ്ട് അങ്ങനെയല്ലെന്ന് ആശ്വസിക്കാനാണ് നഗരവാസികള്‍ ഇഷ്ടപ്പെടുന്നത്. അത് കൊണ്ട് തന്നെയാണ് കഴിഞ്ഞ ദിവസം മുന്നില്‍ തെളിഞ്ഞ നഗരത്തിന്റെ തെളിഞ്ഞ ആകാശക്കാഴ്ചയെ ലോകത്തിന് കാണിച്ചു കൊടുക്കുവാന്‍ നഗരവാസികള്‍ മത്സരിച്ചത്. മറൈന്‍ ലൈന്‍സില്‍ കണ്ട നീലാകാശത്തിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ സന്തോഷത്തോടെ പങ്കു വച്ചാണ് പല പ്രമുഖരും ഈ അപൂര്‍വ കാഴ്ചയെ ആഘോഷമാക്കിയത്.