വടക്കേ മലബാറിലെ ടൂറിസം മേഖലയ്ക്ക് കുതിപ്പേകാനുതകുന്ന കണ്ണൂർ ജില്ലയിലെ നായിക്കാലി ടൂറിസം പദ്ധതിയുടെ നിർമാണ പ്രവർത്തികൾ ഉടൻ ആരംഭിക്കും.സെപ്റ്റംബറിൽ തുടങ്ങി 15 മാസം കൊണ്ട് പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം.രണ്ടു ഘട്ടങ്ങളിലായി പൂർത്തീകരിക്കുന്ന പദ്ധതി അന്താരാഷ്ട്ര നിലവാരത്തിലുള്ളതായിരിക്കും.
വയനാട്ടിലെ കുറുവ ദ്വീപിന് സമാനമായ ടൂറിസം പദ്ധതിയാണ് കണ്ണൂർ നായിക്കാലിയിൽ വരുന്നത്.മട്ടന്നൂർ നഗരസഭയുടെയും കൂടാളി പഞ്ചായത്തിന്റെയും അതിർത്തിയിൽ പുഴയോട് ചേർന്നാണ് നായിക്കാലി തുരുത്ത്.88 കോടി രൂപയാണ്  പദ്ധതിക്കായി നീക്കി വച്ചിട്ടുള്ളത്. ആറ് കോടി രൂപയ്ക്കുള്ള ഒന്നാം ഘട്ട പ്രവർത്തിക്ക് ടൂറിസം വകുപ്പിന്റെ അനുമതി ലഭിച്ചു.
കുട്ടികളുടെ പാർക്ക്,തൂക്ക് പാലം, പെഡൽ ബോട്ട്,ഏറുമാടങ്ങൾ,ചെക്ക് ഡാം, ബോട്ട് ജെട്ടി,ഇരിപ്പിടങ്ങൾ,സോളാർ തെരുവ് വിളക്ക്,നടപ്പാത തുടങ്ങിയവയാണ് നിർമിക്കുന്നത്.രണ്ടാം ഘട്ടത്തിൽ  മരപ്പാലം,വ്യൂ പോയിന്റ്,കഫ്റ്റീരിയ തുടങ്ങിയവ നിർമിക്കും.
പ്രകൃതി ഭംഗി നിലനിർത്തി പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധമായിരിക്കും നിർമാണ പ്രവർത്തികൾ.കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പത്ത് കിലോമീറ്ററിൽ താഴെ മാത്രം ദൂരമാണ് പദ്ധതി പ്രദേശത്തേക്ക് ഉള്ളത്.
വ്യവസായ മന്ത്രിയും സ്ഥലം എം എൽ എ യുമായ ഇ പി ജയരാജൻ മുൻകയ്യെടുത്താണ് വടക്കേ മലബാറിലെ ടൂറിസം വികസനത്തിന് മുതൽക്കൂട്ടാകുന്ന നായിക്കാലി പദ്ധതി യാഥാർഥ്യമാക്കുന്നത്.