കുടിവെള്ളവും തൊഴിലും ആവശ്യപ്പെട്ട‌് മഹാരാഷ‌്ട്രയിൽ ബഹുജന പ്രക്ഷോഭം; പ്രാദേശിക പ്രശ‌്നങ്ങൾ പരിഹരിക്കുന്നതുവരെ ഉപരോധം തുടരുമെന്ന‌് മുന്നറിയിപ്പ്

കുടിവെള്ളവും തൊഴിലും ആവശ്യപ്പെട്ട‌് മഹാരാഷ‌്ട്രയിൽ ബഹുജന പ്രക്ഷോഭം. കാൽ ലക്ഷത്തോളം വരുന്ന പ്രതിഷേധക്കാർ നാസിക‌് ജില്ലയിലെ കൽവാനിൽ സബ‌് ഡിവിഷണൽ ഓഫീസറുടെ കാര്യാലയം ഉപരോധിച്ചു.

പ്രാദേശിക പ്രശ‌്നങ്ങൾ പരിഹരിക്കുന്നതുവരെ ഉപരോധം തുടരുമെന്ന‌് അഖിലേന്ത്യ കിസാൻ സഭ പ്രസിഡന്റ‌് അശോക‌് ധാവ‌്ളെ പറഞ്ഞു. കിസാൻ സഭയുടെയും ആദിവാസി അധികാർ രാഷ‌്ട്രീയ മഞ്ച‌ിന്റെയും (എഎആർഎം) നേതൃത്വത്തിലാണ‌് ഉപരോധം നടന്നത‌്.

സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗവും എഎആർഎം വൈസ‌് പ്രസിഡന്റുമായ ബൃന്ദ കാരാട്ട‌്, ജെ പി ഗാവിദ‌് എംഎൽഎ, അശോക‌് ദാവ‌്ളെ എന്നിവർ പ്രതിഷേധത്തിന‌് നേതൃത്വം നൽകി.

കുടിവെള്ളം, റേഷൻ, പെൻഷൻ, തൊഴിൽ, ആരോഗ്യ പരിരക്ഷ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന‌് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. നിരന്തരം ഉന്നയിക്കുന്ന വിഷയങ്ങൾക്ക‌് അധികൃതർ മറുപടി നൽകുന്നില്ല.

വൻ പ്രതിഷേധ മാർച്ചനുശേഷമാണ‌് എസ‌്ഡിഒ ഓഫീസ‌് ഉപരോധിച്ചത‌്. പ്രശ‌്ന പരിഹാരം ഉറപ്പു നൽകുന്നതുവരെ ഉപരോധം തുടരുമെന്ന‌് നേതാക്കൾ പറഞ്ഞു. ആദിവാസികളുടെ അവകാശങ്ങൾ അട്ടിമറിക്കാൻ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ നീക്കം അവസാനിപ്പിക്കണമെന്ന‌ും നേതാക്കൾ ആവശ്യപ്പെട്ടു.

ആദിവാസികളെ കാടുകളിൽനിന്ന‌് ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ തിങ്കളാഴ‌്ച വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന രാജ്യവ്യാപക പ്രതിഷേധത്തിന്റെ തുടർച്ചയായാണ‌് ഉപരോധം സംഘടിപ്പിച്ചത‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News