പതിനെട്ടാം‌പടി തനിക്ക് നൊസ്റ്റാൾജിയ പകരുന്ന ചിത്രം: പൃഥ്വിരാജ്

കേരള കഫേ എന്ന ചിത്രത്തില്‍ ഐലന്‍ഡ് എക്‌സ്പ്രസ് എന്ന ചെറുചിത്രം സംവിധാനം ചെയ്ത ശങ്കര്‍ രാമകൃഷ്ണന്‍ വീണ്ടും സംവിധാന രംഗത്തേക്ക് തിരിച്ചെത്തിയ ചിത്രമാണ് ‘പതിനെട്ടാം പടി’. അറുപതോളം പുതുമുഖ നടന്മാരെ ഉള്‍പ്പെടുത്തി സ്‌കൂള്‍ പശ്ചാത്തലത്തില്‍ കഥ പറഞ്ഞിരിക്കുന്ന ചിത്രം മികച്ച പ്രതികരണം നേടി പ്രദര്‍ശന വിജയം തുടരുകയാണ്. ചിത്രത്തിന്റെ ഇരുപത്തിയഞ്ചാം ദിന പോസ്റ്റർ പുറത്തിറങ്ങി.

രണ്ടു സ്‌കൂളുകള്‍ തമ്മിലുള്ള പകയുടെ കഥ പറയുന്ന ‘പതിനെട്ടാം‌പടി’ എന്ന സിനിമ തനിക്ക് നൊസ്റ്റാൾജിയ പകരുന്നതാണെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. തിരുവനന്തപുരത്ത് പഠിച്ചു വളര്‍ന്ന ആര്‍ക്കും വലിയതോതില്‍ നൊസ്റ്റാള്‍ജിയ തോന്നുന്ന ഒരുപാട് കാര്യങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്നും പൃഥ്വിരാജ് പറഞ്ഞു.

‘ശങ്കര്‍ രാമകൃഷ്ണന്‍ എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹം വളരെക്കാലം മുന്നേ തന്നെ സിനിമയുടെ പ്ലോട്ടും അതിന്റെ ഒരു സാരവും  പിന്നീട് തിരക്കഥയായി മാറിയപ്പോള്‍ ആഖ്യാനത്തിന്റെ ഘടനയുമെല്ലാം പറഞ്ഞു കേള്‍പ്പിച്ചിരുന്നു. അത് വളരെയൊരു രസകരമായ ഒരു സിനിമയായി എനിക്ക് അന്നേ തോന്നി.

മലയാള സിനിമയിൽ അധികം കാണാത്ത ജോണറായ കമിംഗ് ഓഫ് ഏജ് എന്നു പറയുന്നത് സിനിമയ്ക്കുള്ളിലെ ഒരു ഭാഗമായി മാറിയിട്ടുണ്ട്. പതിനെട്ടാംപടി എനിക്ക് തോന്നുന്നത് അത്തരം ഒരു സിനിമകളില്‍ വളരെ റിയലിസ്റ്റിക്കായിട്ട്, വളരെ യാഥാര്‍ഥ്യത്തോട് അടുത്തുനില്‍ക്കുന്ന ഒന്നായിരിക്കും” – പൃഥ്വിരാജ് പറയുന്നു.

ശങ്കറും തിരുവനന്തപുരത്ത് പഠിച്ചുവളര്‍ന്ന ആളാണ്. തിരുവനന്തപുരവും അവിടുത്തെ സ്‌കൂളുകളും കോളേജുകളും അറിയാവുന്നതു പോലെ ആ സിനിമയിലെ വളരെ കുറച്ചു പേര്‍ക്കേ അറിയാമായിരിക്കുള്ളൂ. അപ്പോള്‍ ഇത്രയും പുതുമുഖങ്ങളെ വച്ച് ഇങ്ങനെ ഒരു സിനിമ ചെയ്യുക എന്നത് വലിയൊരു വെല്ലവിളിയാണ്. പുതുമുഖങ്ങളുടെ പ്രകടനത്തെ കുറിച്ചാണ് ഏറ്റവും നല്ല അഭിപ്രായങ്ങള്‍ കേള്‍ക്കുന്നത്. അത് ശങ്കറിന്റെ ഒരു നേട്ടമാണെന്നും പ്രിത്വി പറഞ്ഞു.

മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ആര്യ, പ്രിയാമണി,അഹാന കൃഷ്ണ, മനോജ് കെ ജയന്‍, മണിയന്‍പിള്ള, ലാലു അലക്‌സ്, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ വന്‍ താരനിരയും ഒപ്പം 65 ഓളം പുതുമുഖ താരങ്ങളും പതിനഞ്ചോളം തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകളും അണിനിരന്ന ചിത്രമാണ് ‘പതിനെട്ടാംപടി’. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ഐസിഎല്‍ ഫിന്‍കോര്‍പ്പിനു വേണ്ടി കെ.ജി. അനില്‍ കുമാറും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News