പി.എസ്‌.സിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി; പരാതി ഉന്നയിക്കാം, വിമര്‍ശനങ്ങള്‍ തുറന്ന മനസോടെ സ്വീകരിക്കും

തിരുവനന്തപുരം: പിഎസ്.സിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങള്‍ സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങളെ തടയാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇല്ലാത്ത ആക്ഷേപങ്ങള്‍ ഉയര്‍ത്തി യുവജനങ്ങളില്‍ ആശങ്കയുണ്ടാക്കുകയാണ്. പരാതി ഉന്നയിക്കാം, പക്ഷെ പിഎസ്.സിയുടെ വിശ്വാസ്യത തകര്‍ക്കരുതെന്നും വിമര്‍ശനങ്ങള്‍ തുറന്ന മനസോടെ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

1242 തസ്തികയിലെക്ക് പിഎസ്.സി തെരഞ്ഞെടുപ്പ് നടത്തുന്നു. പൊതുസമൂഹത്തില്‍ പിഎസ്.സിക്ക് വലിയ സ്വീകാര്യതയാണ് ഉള്ളത്. ഇതുകൊണ്ടാണ് മാറി മാറി വരുന്ന സര്‍ക്കാറുകള്‍ കൂടുതല്‍ ഉത്തരവാദിത്വം ഏല്‍പ്പിക്കുന്നത്. പിഎസ്.സി വഴി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 110000 നിയമനം നടന്നു.

വിശ്വസ്തയോടെ പ്രവര്‍ത്തിക്കുന്ന പിഎസ്.സിക്കെതിരെ കള്ള കഥകള്‍ പ്രചരിപ്പിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഗൗരവകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തെറ്റായ പ്രചരണങ്ങളിലൂടെ ഉദ്യോഗാര്‍ത്ഥികളില്‍ അസംതൃപ്തിയും, ആശങ്കയും പടര്‍ത്താന്‍ ശ്രമിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുറത്തുനിന്നുള്ള ഒരു ഇടപെടലും പരീക്ഷാ നടത്തിപ്പിലോ നിയമനത്തിലോ ഇല്ല. മറ്റ് പല സംസ്ഥാനങ്ങളിലും അങ്ങനെ അല്ല. കുറ്റമറ്റ പ്രവര്‍ത്തനമാണ് പിഎസ്.സിയുടെ വിശ്വാസ്യതയുടെ അടിസ്ഥാനമെന്നും പിണറായി വിജയന്‍ പറഞ്ഞു.

യൂണിവേഴ്സിറ്റി കോളേജിലെ രണ്ട് വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട് പിഎസ്.സിക്കെതിരെ പ്രചരണം നടന്നു. എന്നാല്‍ വസ്തുത അതായിരുന്നില്ലെന്ന് പിന്നീട് വ്യക്തമായി. ഇപ്പോഴും പിഎസ്.സിക്കെതിരെ വ്യാപക പ്രചരണമാണ് നടക്കുന്നത്.

എന്തെങ്കിലും വിഷയം തിരുത്തേണ്ടതുണ്ടെങ്കില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു തടസവും അതിനില്ല. ഭരണഘടന സ്ഥാപനങ്ങളെ തകര്‍ക്കാന്‍ രാജ്യത്ത് നടക്കുന്ന ശ്രമത്തിന്റെ ഭാഗമായി, എല്ലാ പൊതുസംവിധാനങ്ങളെയും തകര്‍ക്കുക എന്നത് വിവിധ മേഖലയില്‍ നടന്നുവരുന്നുണ്ട്. ഇതിന്റെയെല്ലാം ഭാഗമായിട്ട് കൂടി പിഎസ് സിക്കെതിരായ നീക്കങ്ങളെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News