റിട്ടയേര്‍ഡ് അധ്യാപകനെ പത്തോളം പേര്‍ കൂട്ടം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. തന്റെ വീടിന്റെ മതില്‍ പൊളിച്ചത് ചോദ്യം ചെയ്തതാണ് വാക്കു തര്‍ക്കത്തിലും തുടര്‍ന്ന് ക്രൂരമായ മര്‍ദ്ദനത്തിലും കലാശിച്ചത്.

പരുക്കുകളോടെ എളവള്ളി വാകയില്‍ കുന്നത്തുള്ളി സുഗുണനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇയാളുടെ കൈ ഒടിയുകയും തലയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ഇദ്ദേഹം അബോധാവസ്ഥയിലായിരുന്നു.

വീട്ടുവളപ്പിലെ മതിലിന്റെ ഒരുഭാഗം രാത്രിയില്‍ ആരോ പൊളിച്ചു നീക്കിയിരുന്നു മതിലിനോട് ചേര്‍ന്ന് കൂട്ടം കൂടി നിന്ന ആളുകളോട് സുഗുണന്‍ ഇത് ചോദിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് സംശയിക്കുന്നു.

മര്‍ദ്ദനം കണ്ടുനിന്ന ഒരാള്‍ പകര്‍ത്തിയ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സുഗുണനെതിരെ പത്തോളം വരുന്ന സംഘം ആക്രോശിക്കുന്നതും തുടര്‍ന്ന് മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.