കളിക്കളത്തിന് പുറത്തുനിന്ന് കോടികള്‍ വാരുന്ന ടീം ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഇന്‍സ്റ്റാഗ്രാമില്‍ നിന്നും പണം വാരുന്നു.

ഇന്‍സ്റ്റഗ്രാം വഴി ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന കായിക താരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ വിരാട് കോഹ്ലി ഇടം നേടി. യുവന്‍റസിന്‍റെ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പട്ടികയില്‍ ഒന്നാമന്‍.

176 ദശലക്ഷം ഫോളോവേഴ്‌സുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ലഭിക്കുന്ന പ്രതിഫലം 6,72,48,675 രൂപ (975,000 ഡോളര്‍) ആണ്.

പട്ടികയില്‍ ഒമ്പതാം സ്ഥാനത്തുള്ള കോഹ്ലിക്ക് ഒരു കോടി മുപ്പത്തിയഞ്ച് ലക്ഷത്തി ഇരുപതിനായിരത്തി അറുനൂറ്റിഅറുപത്തിയെട്ട് രൂപ (1,35,20,668 രൂപ, 196,000 ഡോളര്‍) ഒരു പോസ്റ്റിന് പ്രതിഫലമായി ലഭിക്കും.

38 ദശലക്ഷം ഫോളോവേഴ്‌സാണ് കോഹ്ലിക്കുള്ളത്. പട്ടികയിലെ ആദ്യ 16-ല്‍ ഉള്‍പ്പെട്ട ഏക ക്രിക്കറ്റ് താരവും കോഹ്ലിയാണ്.

ഒരു പോസ്റ്റിന് 722,000 ഡോളര്‍ (4,98,05,726 രൂപ) പ്രതിഫലം വാങ്ങുന്ന ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുടെ ബ്രസീലിയന്‍ താരം നെയ്മറാണ് ഇന്‍സ്റ്റഗ്രാം പട്ടികയില്‍ രണ്ടാമത്.

ബാഴ്‌സലോണയുടെ സൂപ്പര്‍താരം ലയണല്‍ മെസി മൂന്നാം സ്ഥാനത്താണ്. 648,000 ഡോളര്‍ (4,47,05,844 രൂപ) ആണ് മെസിയുടെ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് ലഭിക്കുന്നത്.

വിരമിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാം പട്ടികയില്‍ നാലാമതുണ്ട്. 357,000 ഡോളര്‍ (2,46,29,608 രൂപ) ആണ് ബെക്കാമിന് ഇന്‍സ്റ്റാഗ്രാം വഴി ലഭിക്കുന്നത്

ക്രിസ്റ്റ്യാനോ റൊണാൾഡോ (ഫുട്ബോള്‍)– 975,000

നെയ്മർ (ഫുട്ബോള്‍)– 722,000

ലയണല്‍ മെസ്സി (ഫുട്ബോള്‍)-648,000

ഡേവിഡ് ബെക്കാം (ഫുട്ബോള്‍)– 357,000

ലെബ്രോൺ ജെയിംസ് (ബാസ്കറ്റ് ബോൾ)-272,000

റൊണാൾഡീഞ്ഞോ (ഫുട്ബോള്‍)-256,000

ഗാരത്ബെയ്ൽ (ഫുട്ബോള്‍)– 218,000

സ്ലാറ്റൻ ഇബ്രാഹിമോവിച്ച് (ഫുട്ബോള്‍)– 200,000

വിരാട് കോഹ്ലി (ക്രിക്കറ്റ്)-196,000

ലൂയീസ് സുവാരസ് (ഫുട്ബോൾ)– 184,000

ഫുട്ബോളിലെ സൂപ്പര്‍ താരങ്ങളായ ബാഴ്‌സലോണയുടെ ലൂയിസ് സുവാരസ്, ലിവര്‍പൂള്‍ താരം മുഹമ്മദ് സലാ, യു.എഫ്.സി ഇതിഹാസം കോണര്‍ മഗ്രിഗര്‍, ബോക്‌സിങ് ഇതിഹാസം ഫ്ലോയ്ഡ് മെയ്‌വെതര്‍, ടെന്നീസ് താരം സെറീന വില്യംസ്, അമേരിക്കന്‍ വനിതാ റസ്ലര്‍ റോണ്‍ഡ റൗസി, എന്നിവരെല്ലാം കോഹ്ലിക്ക് പിന്നിലാണ്.