സവർണ്ണ ജാതിവാൽ; തന്റെ കയ്യിൽ ഒരു മാരകായുധം ഉണ്ട് എന്ന് പ്രഖ്യാപിക്കുന്നതിനു തുല്യം

പ്രശസ്ത എഴുത്തുകാരൻ അശോകൻ ചരുവിൽ ‘ജാതി എന്ന അനുഭവം’ എന്ന തലക്കെട്ടിൽ ഫേസ് ബുക്കിലെഴുതിയ കുറിപ്പ് ചുവടെ വായിക്കാം:

“ഇന്നലെ തൃശൂരിലെ കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ നടന്ന ഇ.കെ.ദിവാകരൻപോറ്റി അനുസ്മരണ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ദളിത് ആക്ടിവിസ്റ്റ് മൃദുലാദേവി.എസ് വർത്തമാനകാലത്ത് തനിക്ക് എങ്ങനെയാണ് ജാതിമേധാവിത്തം അനുഭവപ്പെടുന്നത് എന്ന് സൂചിപ്പിക്കുകയുണ്ടായി.

ഇന്ന് എന്റെ സുഹൃത്ത് മുരളി വെട്ടത്ത് എഫ്.ബി.യിൽ സമാനമായ ചില അനുഭവങ്ങൾ എഴുതിയതും വായിച്ചു.

1960 കളിലായിരുന്നു എന്റെ ബാല്യവും കൗമാരവും. കളിയുടെ ആവേശത്തിൽ അയൽപക്കത്തെ സവർണ്ണഗൃഹങ്ങളുടെ അകത്തേക്ക് ഓടിക്കയറുമ്പോൾ അവിടത്തെ മുത്തശ്ശിമാരുടെ പിറുപിറുക്കലായിട്ടാണ് മേൽജാതി എന്ന സംഗതിയെ ഞാൻ അനുഭവിച്ചിരുന്നത്.

ജാതിക്ക് മേഞ്ഞു നടക്കാൻ അന്ന് വേറെ സ്ഥലം ഉണ്ടായിരുന്നില്ല. എന്നാൽ ഈ 2019ൽ ഭീകരമായ വിധം എനിക്ക് ജാതി ഫീൽ ചെയ്യുന്നു.

ഞാൻ ഇടപെടുന്ന സാംസ്കാരിക രംഗത്താണ് അതിന്റെ തീവ്രത. അറുപതുകളിലെ സവർണ്ണ മുത്തശ്ശിമാരുടെ പിറുപിറുക്കൽ ഇന്ന് സാംസ്കാരിക പ്രതിഭകൾ ഏറ്റെടുത്തിരിക്കുന്നു.

സമൂഹമാധ്യമങ്ങളാണ് ഇന്ന് ഈ പിറുപിറുക്കലിന്റെ മുഖ്യ രംഗവേദി. എഫ് ബി യിൽ ഇടപെടാൻ തുടങ്ങിയപ്പോൾ വലിയ മട്ടിലുള്ള ഭീഷണിയും എതിർപ്പും ഞാൻ നേരിട്ടിരുന്നു.

അത്തരം ആക്രമണങ്ങൾക്കു പിന്നിലുള്ളത് രാഷ്ട്രീയ വിരോധമാണ് എന്ന് ഏതെങ്കിലും സുഹൃത്തുക്കൾ കരുതുന്നുണ്ടെങ്കിൽ എനിക്ക് അവരോട് സഹതാപമാണുള്ളത്.

പ്രച്ഛന്നമായ ജാതിമേധാവിത്തമാണ് എനിക്കു നേരെ അലറുന്നത്. എഴുത്ത് തുടങ്ങിയിട്ട് നാൽപ്പതിലേറെ വർഷങ്ങളായി.

എല്ലാകാലത്തും എനിക്കു രാഷ്ട്രീയ നിലപാട് ഉണ്ടായിരുന്നു. അതിന്റെ പേരിൽ വിമർശനം ഉണ്ടായിട്ടുണ്ടാവാം. പക്ഷേ ഭീഷണി ഉണ്ടായിട്ടില്ല.

ഫേസ്ബുക്കിൽ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി ജാതി മേധാവിത്തത്തിനെതിരായ വിമർശനമാണ് ഞാൻ പ്രധാനമായും ഉന്നയിച്ചു പോരുന്നത്.

ഇത് സുഹൃത്തുക്കൾക്കിടയിൽ പോലും അതൃപ്തിക്ക് കാരണമാവുന്നു. കേരളത്തിൽ ഒരാൾക്ക് കമ്യൂണിസ്റ്റോ നക്സലൈറ്റോ മാവോവാദിയോ യുക്തിവാദിയോ ആവാം. ആർക്കും വിരോധമില്ല. പക്ഷേ അവർ ജാതിമേധാവിത്തത്തെ തൊടരുത് എന്നു വ്യവസ്ഥയുണ്ട്.

എന്തുകൊണ്ട് ജനിച്ചു വളർന്ന തങ്ങളുടെ സവർണ്ണജാതിയെ ഉദ്ഘോഷിച്ചുകൂടാ എന്ന് ചിലർ ചോദിക്കുന്നുണ്ട്. കേരളത്തിലെ സവർണ്ണജാതി എന്നത് ഒരു സ്വത്വരൂപം മാത്രമല്ല.

പണിയെടുത്തു ജീവിച്ച കോടാനുകോടി മനുഷ്യജീവികളെ ചവിട്ടിയരച്ചതിന്റെ പ്രതീകം കൂടിയാണത്. കൊട്ടാരക്കെട്ടുകൾക്കകത്തിട്ട് സ്വന്തം സ്ത്രീകളേയും യുവാക്കളേയും കൊല്ലാക്കൊല ചെയ്ത ചരിത്രമാണ് അതിനുള്ളത്.

അതുകൊണ്ടാണല്ലോ സവർണ്ണ ഗൃഹങ്ങളിൽ ജനിച്ചു വളർന്ന പോറ്റി മാഷും വീടിയുമെല്ലാം കലഹിച്ചു പുറത്ത് വന്നത്.

അമേരിക്കയിലെ അടിമക്കച്ചവടമോ, ജർമ്മൻ ഫാസിസമോ അത്രത്തോളം ഭീകരമായിരുന്നില്ല. ഇവിടെ സവർണ്ണജാതി എന്നത് തോക്കു പോലെ മാരകമായ ഒരു മർദ്ദനോപകരണമാണ്.

ഇന്ന് ഒരാൾ തന്റെ പേരിന്റെ കൂടെ സവർണ്ണ ജാതിവാൽ കൂട്ടിച്ചേർക്കുന്നത് തന്റെ കയ്യിൽ ഒരു മാരകായുധം ഉണ്ട് എന്ന് പ്രഖ്യാപിക്കുന്നതിനു തുല്യമാണ്.

ജർമ്മനിയിൽ ഇന്ന് നാസി എന്ന പേരോ ഹിറ്റ്ലറുമായി ബന്ധപ്പെട്ട ഫാസിസ്റ്റ് ചിഹ്നങ്ങളോ പറയുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണ് എന്ന കാര്യം ഓർക്കണം.

മുത്തശ്ശിമാരിൽനിന്നും പിറുപിറുക്കൽ ദൗത്യം ഏറ്റെടുത്ത സാംസ്കാരിക പ്രതിഭകൾ ഇപ്പോൾ പ്രത്യക്ഷമായിത്തന്നെ അരങ്ങത്തേക്കു വന്നിരിക്കുന്നു.

രാജ്യത്ത് മനുവാദി ഹിന്ദുത്വ രാഷ്ട്രീയത്തിനു ലഭിച്ച മേൽക്കൈ ജാതിമേധാവിത്തത്തെ സ്ഥാപിച്ചുകൊണ്ട് ആഘോഷിക്കാനാണ് അവരുടെ തീരുമാനം.”
Attachments area

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News