കോടികൾ കണ്ടാൽ ആരാണ‌് വീണുപോകാത്തതെന്ന‌് കോൺഗ്രസ‌് ലോക‌്സഭാ ചീഫ‌് വിപ്പ‌് കൊടിക്കുന്നിൽ സുരേഷ‌് എംപി. അങ്ങനെയെങ്കിൽ കൊടിക്കുന്നിലിന‌് എത്രയാണ‌് ആവശ്യമെന്ന‌് ബിജെപി നേതാവ‌് കെ സുരേന്ദ്രൻ. ചൊവ്വാഴ‌്ച രാത്രി ചാനൽ ചർച്ചയിലാണ‌്,  പണം കണ്ടാൽ വീണുപോകുന്നവരാണ‌് കോൺഗ്രസുകാരെന്ന‌്  കൊടിക്കുന്നിൽ സമ്മതിച്ച‌ത‌്.

ഒരു സ്വകാര്യ ചാനലില്‍ കർണാടക കുതിരക്കച്ചവടം സംബന്ധിച്ച ചർച്ചയിൽ കൊടിക്കുന്നിൽ പറഞ്ഞതിങ്ങനെ: ‘നമുക്ക‌് ചിന്തിക്കാവുന്നതിനുമപ്പുറമായ വാഗ‌്ദാനങ്ങൾ, സാമ്പത്തികം, സ്ഥാനമാനങ്ങൾ, കോടികൾക്കുമപ്പുറമായ കോടികൾ ഇതൊക്കെ കാണുമ്പോൾ ഏത‌് എംഎൽഎയാണ‌് കാലുമാറാത്തത‌്?’

കൊടിക്കുന്നിലിന്റെ ഈ വാദം കേട്ടതോടെ ബിജെപി നേതാവ‌് കെ സുരേന്ദ്രൻ അവതാരകനോട‌് പറയുന്നതിങ്ങനെ: ‘കൊടിക്കുന്നിൽ പറഞ്ഞത‌്, എങ്ങനെ കോൺഗ്രസുകാർ മാറാതിരിക്കും എന്നാണ‌്. അത്രയും വലിയ പണം കൊടുത്താണ‌് ബിജെപി അവരെ മാറ്റുന്നത‌് എന്നല്ലെ. കൊടിക്കുന്നിലിനോട‌് ചോദിക്ക‌്, എത്ര വേണം എന്ന‌്? തയ്യാറുണ്ടോ എന്ന‌്?’

കോൺഗ്രസ‌്, ബിജെപി നേതാക്കളുടെ പരസ്യമായ വിലപേശൽ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായി. പരസ്യമായി കോഴ വാഗ‌്ദാനം ചെയ‌്ത സുരേന്ദ്രന്റെ നടപടി, കോടതിയെ സമീപിക്കേണ്ട വിഷയമാണെന്നും   ചർച്ചയുയർന്നു.