കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണ വേട്ട; ദുബായ് യാത്രക്കാരനിൽ നിന്ന് രണ്ടേകാൽ കിലോ സ്വർണ്ണം പിടികൂടി

കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണ വേട്ട. ദുബായ് യാത്രക്കാരനിൽ നിന്ന് രണ്ടേകാൽ കിലോ സ്വർണ്ണം പിടികൂടി. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് 78 ലക്ഷം രൂപ വില വരുന്ന സ്വർണ്ണ ബിസ്ക്കറ്റുകൾ കണ്ടെടുത്തത്.

അബുദാബിയിൽ നിന്ന് ബുധനാഴ്ച കരിപ്പൂരിൽ എത്തിയ ഇത്തിഹാദ് എയർവെയ്സിൽ നിന്നാണ് 19 സ്വർണ്ണ ബിസ്ക്കറ്റുകൾ കസ്റ്റംസ് വിഭാഗം പിടികൂടിയത്. 2216ഗ്രാം സ്വർണ്ണ ബിസ്ക്കറ്റുമായി ദുബായ്ൽ നിന്നെത്തിയ മലപ്പുറം ചീക്കോട് സ്വദേശി ത്വൽഹത്ത് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ പിടിയിലായി.

കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 78 ലക്ഷം രൂപ വില വരുന്ന സ്വർണ്ണ ബിസ്ക്കറ്റുകൾ കണ്ടെടുത്തത്. മൈക്രോവേവ് ഓവനിലെ ട്രാൻസ്ഫോർമറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ.

കസ്റ്റംസ് ഡെപ്യുട്ടി കമ്മീഷണർ ഇ എന്ന് നിഥിൻലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണ്ണ ബിസ്ക്കറ്റുകൾ കണ്ടെടുത്തത്. പിടിയിലായ ത്വൽഹത്തിനെ ചോദ്യം ചെയ്യുകയാണ്. ഇയാൾ ഇതുവരെ സ്വർണ്ണക്കടത്തിൽ പിടിയിലായിട്ടില്ലെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.

തിങ്കളാഴ്ച കരിപ്പൂരിൽ 20 ലക്ഷം രൂപയുടെ സ്വർണ്ണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയിരുന്നു. 804 ഗ്രാം മിശ്രിത രൂപത്തിലുള്ള സ്വർണ്ണവും 7 ലാപ്ടോപ്പും 2 ഐഫോണുമാണ് കസ്റ്റംസ് പിടിച്ചത്. മഞ്ചേരി എളങ്കൂർ സ്വദേശി ഉവൈസിൽ നിന്നാണ് ഇവ കണ്ടെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here