അധ്യാപികയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി. കൊച്ചി കാക്കനാട് സ്വദേശിനിയായ അധ്യാപികയുടെ പരാതിയിൽ പാലാരിവട്ടം സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. എന്നാൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് 25 ദിവസമായിട്ടും പ്രതിയെ പോലീസ് പിടികൂടുന്നില്ലെന്നാണ്  അധ്യാപികയുടെ പിതാവിന്റെ ആക്ഷേപം.കൊച്ചി കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ ഇടപെട്ട് പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും പിതാവ് ആരോപിക്കുന്നു.

പാലാരിവട്ടത്തെ സ്വകാര്യ സ്കൂളിലെ അധ്യാപികയായ 24 കാരിയാണ് പരാതിക്കാരി. കാക്കനാട് സ്വദേശിയായ യുവാവുമായി അടുപ്പത്തിലാവുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ 8 മാസക്കാലം വിവിധയിടങ്ങളിൽ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് പരാതി.

യുവതിയുടെ പരാതിയിൽ ഇക്കഴിഞ്ഞ ഒന്നാം തിയ്യതി 29കാരനായ ഫ്രോജൺ റാഫേലിനെതിരെ പാലാരിവട്ടം പോലീസ് ബലാൽസംഗക്കുറ്റം ചുമത്തി കേസെടുത്തു. എന്നാൽ ഒരു മാസമാകാറായിട്ടും പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന ആക്ഷേപവുമായി യുവതിയുടെ പിതാവ് രംഗത്തെത്തി.

കൊച്ചി കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലറുടെ ബന്ധുവാണ് പ്രതിയെന്നും കൗൺസിലറുടെ ഇടപെടലാണ് പ്രതിയുടെ അറസ്റ്റ് വൈകാൻ കാരണമെന്നും പിതാവ് ആരോപിച്ചു.
അതേ സമയം പോലീസ് കേസെടുത്തതിനെ തുടർന്ന് യുവാവ് മുങ്ങിയെന്നാണ് വിവരം.

ഇയാളെ പിടികൂടാനുള്ള തീവ്ര ശ്രമത്തിലാണ് തങ്ങളെന്ന് പാലാരിവട്ടം പോലീസ് പറഞ്ഞു. പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക സ്ക്വാഡ്തന്നെ രൂപീകരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News