രാഖി കൊലപാതകം: കേസിന്റെ ചുരുളഴിയുന്നത് ആദര്‍ശിനെ കസ്റ്റഡിയിലെടുത്തതോടെ; സൈനികനായ മുഖ്യപ്രതിയും പിതാവും ഒളിവില്‍

തിരുവനന്തപുരം: അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അഖില്‍ ആര്‍ നായര്‍, സഹോദരന്‍ രാഹുല്‍, പിതാവ് മണി എന്നിവര്‍ ഒളിവില്‍. ഇവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

നെയ്യാറ്റിന്‍ക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. പൊലീസ് അറസ്റ്റ് ചെയ്ത അഖിലിന്റെ സുഹൃത്ത് ആദര്‍ശ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാഖിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്.

പൂവ്വാര്‍ സ്വദേശി മോഹനന്റെ മകള്‍ രാഖിയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് പൊലീസ് മുഖ്യപ്രതി അഖിലിന്റെ വീട്ടുവളപ്പില്‍ നിന്നും കണ്ടെടുത്തത്. അമ്പൂരി തട്ടാംമുക്ക് സ്വദേശി അഖില്‍ നായര്‍ സൈനികനാണ്. അഖിലേഷ്, സഹോദരന്‍ രാഹുല്‍ പിതാവ് മണി എന്നിവര്‍ നിലവില്‍ ഒളിവിലാണ്.

അഖിലിന്റെ സുഹൃത്തും അയല്‍വാസിയുമായ ആദര്‍ശിനെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് കേസിന്റെ ചുരുളഴിയുന്നത്. ആദര്‍ശാണ് രാഖിയുടെ മൃതദേഹം അഖിലിന്റെ വീട്ടുവളപ്പിലാണ് കുഴിച്ചിട്ടതെന്ന് പൊലീസിനോട് പറഞ്ഞത്. രാഖിയെ സുഹൃത്ത് അഖിലും സഹോദരന്‍ രാഹുലും താനും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് ആദര്‍ശ് മൊഴി നല്‍കിയിട്ടുണ്ട്.

എന്നാല്‍ കൊലയ്ക്ക് ശേഷം അഖില്‍ എവിടെ പോയി എന്നതിലാണ് ഇനി വ്യക്തത വരാനുള്ളത്. ഇത് സംബന്ധിച്ച് ആദര്‍ശ് നല്‍കുന്ന മൊഴിയില്‍ വൈരുദ്ധ്യമുള്ളതായി പൊലീസ് അറിയിച്ചു. നെയ്യാറ്റിന്‍ക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഒളിവിലുള്ള മൂവരെയും കണ്ടെത്താനായി അന്വേഷണം വ്യാപിപ്പിച്ചു.

അതേസമയം, രാഖിയുടെ പോസ്റ്റുമോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കേസില്‍ നിര്‍ണായകമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel