രാജ്യത്ത് 23 വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് യൂജിസി. യൂണിവേഴ്‌സിറ്റിയാണെന്ന് തോന്നിപ്പിക്കും വിധം സെന്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ വഞ്ചിതരാകരുതെന്നും മുന്നറിയിപ്പ്.ഇവിടങ്ങളിലെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരമുണ്ടാകില്ല. യുപിയില്‍ എട്ടും ഡല്‍ഹിയില്‍ ഏഴും വ്യാജ സര്‍വകലാശാലകളാണുളളത്.ഒഡിഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ രണ്ടുവീതവും കേരളം, കര്‍ണാടക, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളില്‍ ഓരോ സ്വകാര്യവിദ്യാഭ്യാസ സ്ഥാപനവും.

നടപടിക്ക് യുജിസിയോ കേന്ദ്ര മാനവ വിഭവശേഷി വകുപ്പോ ഇതുവരെ തയ്യാറായിട്ടില്ല. വ്യാജ സര്‍വകലാശാലകളുടെ ലിസ്റ്റില്‍ ഉള്‍പെട്ടവയില്‍ കേരളത്തിലെ സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയുമുണ്ട്.കേരളത്തിലെ കിഷനറ്റം എന്ന സ്ഥലത്താണ് ഈ സര്‍വകലാശാല പ്രവര്‍ത്തിക്കുന്നത്.അങ്ങനെയൊരു സ്ഥലമോ യൂണിവേഴ്‌സിറ്റിയോ അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. ഗൂഗിള്‍ സെര്‍ച്ചില്‍ വരുന്നത് പത്തനംതിട്ട കോളജ് റോഡിലുളള സെന്റ് ജോര്‍ജ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ എന്ന സ്ഥാപനമാണ്.