സംസ്ഥാനത്ത് വൻ കള്ളനോട്ട് വേട്ട; തിരുവനന്തപുരത്തും കോ‍ഴിക്കോടുമായി പിടികൂടിയത് ഇരുപത്തിയൊന്നര ലക്ഷം രൂപയുടെ കള്ളനോട്ട്

സംസ്ഥാനത്ത് വൻ കള്ളനോട്ട് വേട്ട. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലായി ഇരുപത്തി ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടും പ്രിന്റ് ചെയ്യുന്നതിനുപയോഗിച്ച മെഷീനും പോലീസ് പിടികൂടി. വിവിധ സ്ഥലങ്ങളിൽ നിന്നായി 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ടീമാണ് ആറ്റിങ്ങലിൽ കള്ളനോട്ട് സംഘത്തെ പിടികൂടിയത്.

ആറ്റിങ്ങലിലെ ആശുപത്രിയിലെത്തി പണം ഉപയോഗിച്ച് തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നതിനിടെയാണ് കടയ്ക്കാവൂർ സ്വദേശി രാജൻ പത്രോസ് പിടിയിലായത്.

ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്ന് കൂട്ടാളികളായ 3 പേരെ കൂടി പോത്തൻകോട് വെച്ച് പോലീസ് പിടികൂടി. ചിറയിൻകീഴ് സ്വദേശി പ്രതാപൻ, വെമ്പായം സ്വദേശി അബ്ദുൽ വഹാബ്, കോഴിക്കോട് കുന്ദമംഗലം സ്വദേശി ഷമീർ എന്നിവരാണ് പൊലീസ് പിടിയിലായത്. ആറരലക്ഷം രൂപ ഇവരിൽ നിന്ന് കണ്ടെടുത്തു.

ആറ്റിങ്ങൽ പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്, കുന്ദമംഗലത്തും ഫറോക്കിലും ഒരേസമയം റെയ്‌ഡ്‌ നടന്നു.

കുന്ദമംഗലം വരട്ട്യാക്ക്‌ സ്വദേശി ഷമീറിന്റെ വീട്ടില്‍ നിന്ന് പന്ത്രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി. 3 മെഷീനുകളും സ്കാനറും മഷിയും ഇവിടെ നിന്ന് കണ്ടെടുത്തു. ഷമീർ കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് കള്ളനോട്ടുകൾ കണ്ടെത്തിയത്.

ഫറോക്കിൽ നടത്തിയ പരിശോധനയിൽ രണ്ടരലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പോലീസിന് ലഭിച്ചത്. അബ്ദുൾ റഷീദ് എന്നയാൾ ഇവിടെ പോലീസിന്റെ പിടിയിലായി.

സംസ്ഥാനത്തെ കള്ളനോട്ട് നിർമ്മാണ വിതരണ ശൃംഖലയിൽ പെട്ടവരാണ് പിടിയിലായവരെന്ന് പോലീസ് പറഞ്ഞു. ഇവരെ വിശദമായി ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന കണക്ക് കൂട്ടലിലാണ് പോലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News