അടൂരിനെതിരായ ബി ജെ പി ഭീഷണിയിൽ പ്രതിഷേധവുമായി പുരോഗമന കലാസംഘം

ലോകം ആദരിക്കുന്ന മഹാനായ കലാകാരനാണ് അടൂർ ഗോപാലകൃഷ്ണൻ. മലയാളികളുടെ അഭിമാനമായ അദ്ദേഹത്തിനു നേരെ ബി.ജെ.പി. എന്ന രാഷ്ടീയ പാർടി ഭീഷണി മുഴക്കിയിരിക്കുന്നു.

അനുസരിച്ചില്ലെങ്കിൽ ഈ ഭൂമി തന്നെ വിട്ടു പോകണമെന്നാണ് ഭീഷണി. അധികാരം കയ്യിലുണ്ടെന്നതിന്റെ അഹങ്കാരത്തിൽ കലക്കും സംസ്കാരത്തിനും നേരെ സംഘപരിവാർ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണ പരമ്പരയുടെ തുടർച്ചയാണിത്.

അടൂരിനു നേരെയുണ്ടായ ഭീഷണിയിൽ പുരോഗമന കലാസാഹിത്യ സംഘം ശക്തിയായി പ്രതിഷേധിക്കുന്നു. മലയാളത്തിന്റെ സർഗ്ഗചൈതന്യമായ അടൂരിനെതിരായ നീക്കത്തെ ഒരെറ്റ മനസ്സായി നിന്നുകൊണ്ട് കേരളം ചെറുത്തു തോൽപ്പിക്കും.

രണ്ടാമതും അധികാരത്തിൽ വന്നതിന്റെ അഹങ്കാരത്തിൽ മനുവാദി ഭീകരർ രാജ്യമെങ്ങും ദളിത് പിന്നാക്ക ജനതയേയും ന്യൂനപക്ഷ സാംസ്കാരിക വിഭാഗങ്ങളേയും ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങളെ ആക്രമിക്കാൻ ശ്രീരാമനെയാണ് അവർ ഇത്തവണ ഉപയോഗിക്കുന്നത്.

ആയിരക്കണക്കിന് ഭക്തജനങ്ങളുടെ ആരാധനാമൂർത്തിയാണ് രാമൻ. വാത്മീകിയുടെ അനശ്വര കഥാപാത്രവുമാണ്. പാവപ്പെട്ട മനുഷ്യരെ തെരുവിൽ ഭേദ്യം ചെയ്യുന്നതിന് ഒരു കൊടുവാളുപോലെ ഉപയോഗിക്കാച്ചെടുകയാണ് ഇന്ന് രാമന്റെ നാമം.

ഇതുപോലെ ഒരു അവഹേളനം ശ്രീരാമനോടും ഭക്തരോടും വേറെ ചെയ്യാനില്ല. വർഗ്ഗീയ രാഷ്ട്രീയക്കാരന് അധികാരത്തിലേറാനും അതു നിലനിർത്താനും വേണ്ടി ജനങ്ങളുടെ ആരാധനാമൂർത്തികളായ ഇതിഹാസനായകരുടെ നാമം ഉപയോഗിക്കപ്പെടുന്നതിനെ വിശ്വാസി സമൂഹം ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്.

അടൂർ ഗോപാലകൃഷ്ണനെതിരായ ബി.ജെ.പി.പരിവാർ ഭീഷണിക്കെതിരെ കേരളത്തിലെങ്ങും സർഗ്ഗാത്മക പ്രതികരണങ്ങൾ ഉയർത്തണമെന്ന് മുഴുവൻ സാംസ്കാരിക പ്രവർത്തകരോടും പുകസ ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here