ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ശബരിമല നയം ജനങ്ങളെ കമ്പളിപ്പിച്ച് വോട്ട് നേടാനുള്ള വിദ്യയാണെന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങി; കോടിയേരി ബാലകൃഷ്ണന്‍

ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ശബരിമല നയം ജനങ്ങളെ കമ്പളിപ്പിച്ച് വോട്ട് നേടാനുള്ള വിദ്യയാണെന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങിയതായി സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ടിയുടെയും മുന്നണിയുടെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനം മികച്ചതാക്കണം. പാര്‍ടിയും ഭരണവും ജനങ്ങള്‍ക്ക് മുകളിലല്ലെന്നും അതിനാല്‍ പരിഹരിക്കേണ്ടവ പരിഹരിക്കുമെന്നും തിരുത്തേണ്ടവ തിരുത്തുമെന്നും കോടിയേരി ലേഖനത്തില്‍ വ്യക്തമാക്കി.

ജനങ്ങളെ വിശ്വാസത്തിലെടുത്ത് സംസ്ഥാന സര്‍ക്കാരും എല്‍ഡിഎഫും സിപിഐഎമ്മും മുന്നോട്ട് പോകുമെന്ന് ഗൃഹസന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലുള്ള ലേഖനത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയത്. രാഷ്ട്രീയ – പ്രത്യയശാസ്ത്ര വിഷയങ്ങള്‍, ഭരണ – വികസന പ്രശ്‌നങ്ങള്‍, ജാതി – മത വിശ്വാസ വിഷയങ്ങള്‍ എന്നിവയില്‍ ജനങ്ങള്‍ ഗൃഹസന്ദര്‍ശനത്തില്‍ അഭിപ്രായം രേഖപ്പെടുത്തി. എന്നാല്‍ ഇതിലൊന്നും അസഹിഷ്ണുതയും അതൃപ്തിയും പാര്‍ട്ടിക്കില്ല. പരിഹരിക്കേണ്ടവ പരിഹരിക്കുമെന്നും തിരുത്തേണ്ടവ തിരുത്തുമെന്നും കോടിയേരി വ്യക്തമാക്കി. കാരണം പാര്‍ട്ടിയും ഭരണവും ജനങ്ങള്‍ക്ക് മുകളില്ല.

എല്‍ഡിഎഫിന് വോട്ട് ചേര്‍ച്ചയുണ്ടായതില്‍ ശബരിമല ഒരു ഘടകമാണെന്ന് ചിലര്‍ ഗൃഹസന്ദര്‍ശന വേളയില്‍ പറഞ്ഞു. എന്നാല്‍ യൂവതി പ്രവേശന വിധി എല്‍ഡിഎഫ് സര്‍ക്കാരിന്റെ സൃഷ്ടിയല്ലെന്ന് ബോധ്യപ്പെടുത്തി. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ശബരിമല നയം ജനങ്ങളെ കമ്പളിപ്പിച്ച് വോട്ട് നേടാനുള്ള വിദ്യയാണെന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങിയതായും കോടിയേരി പറഞ്ഞു. വിശ്വാസത്തിനെതിരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ എന്ന തെറ്റിധാരണ വലിയ തോതില്‍ പ്രതിപക്ഷത്തിനും ബിജെപിക്കും സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഇതാണ് വോട്ട് ചേര്‍ച്ചയ്ക്ക് കാരണമായതെന്ന് ബോധ്യപ്പെട്ടതായും കോടിയേരി ലേഖനത്തില്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ നേട്ടങ്ങളെ ചില വിവാദങ്ങള്‍ മുക്കിക്കളഞ്ഞു , പൊലീസ് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണം എന്നീ അഭിപ്രായങ്ങളും ഭവന സന്ദര്‍ശനത്തില്‍ ഉയര്‍ന്ന് വന്നു. ജനങ്ങളില്‍ നിന്ന് ലഭിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ബ്രാഞ്ച് കമ്മിറ്റികള്‍ ഉപരികമ്മിറ്റികള്‍ മുഖേന സംസ്ഥാന കമ്മിറ്റിയില്‍ എത്തിക്കും. അടുത്ത മാസത്തെ സംസ്ഥാന കമ്മിറ്റി പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here