സെന്‍കുമാറിനോട്, ”താങ്കളെ പോലുള്ള ഉദ്യോഗസ്ഥന്മാരുടേയോ, നേതാക്കളുടേയോ അടുക്കള നിരങ്ങുന്നവര്‍ ഇന്ന് പോലീസ് സംഘടനകളുടെ നേതൃത്വത്തില്‍ ഇല്ല: താങ്കളെക്കുറിച്ച് ഇങ്ങനെ *’ആയിരുന്നു’* എന്ന് എഴുതേണ്ടിവന്നതില്‍ ഖേദമുണ്ട്”

പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സിആര്‍ ബിജുവിന്റെ ഫേസ്ബുക്ക് കുറിപ്പ്‌:

എത്രയും ബഹുമാനമുണ്ടായിരുന്ന ശ്രീ.T.P. സെന്‍കുമാര്‍ സര്‍

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥന്മാരും, സര്‍വീസില്‍ നിന്ന് വിരമിച്ച പോലീസ് ഉദ്യോഗസ്ഥന്മാരും,
ഭാവിയില്‍ സേനയിലേക്ക് വരുന്ന പോലീസ് ഉദ്യോഗസ്ഥന്മാരും അതിനെല്ലാം ഉപരി പൊതുസമൂഹമാകെയും
എന്നും ബഹുമാനിക്കപ്പെടേണ്ട വ്യക്തിത്വമായിരുന്നു താങ്കള്‍. താങ്കളെക്കുറിച്ച് ഇങ്ങനെ *’ആയിരുന്നു’* എന്ന് എഴുതേണ്ടിവന്നത് ഖേദകരമാണ്. കേരള പോലീസില്‍ സേവനമനുഷ്ഠിച്ച ശേഷം വിരമിച്ചവരെയെല്ലാം റാങ്ക് വ്യത്യാസമൊന്നുമില്ലാതെ ഇന്നും ഏറെ ബഹുമാനത്തോടെ കാണുന്നവരില്‍ ഒരാളാണ് ഞാന്‍.

പക്ഷേ..
ആ ഗണത്തില്‍ നിന്നും, അവരുടെ മനസ്സില്‍ നിന്നും എങ്ങനെയോ താങ്കളുടെ പേര് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. *വിരമിക്കലിന് ശേഷം എല്ലാവരും സ്വതന്ത്ര വ്യക്തികളാണ് എന്നതില്‍ തര്‍ക്കമില്ല.*
അവര്‍ക്ക് രാഷ്ട്രീയമുണ്ടാകാം, രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കാം, ആരേയും വിമര്‍ശിക്കാം, അഭിപ്രായങ്ങള്‍ തുറന്ന് പറയാം. എന്നാല്‍ അത്തരത്തില്‍ പറയുന്ന അഭിപ്രായങ്ങളും നിലപാടുകളും വിലയിരുത്തുന്നത് പൊതുസമൂഹമാണ്. അതായത് ഒരേ തലമുറയില്‍പെട്ട പൊതുസമൂഹം.

ശ്രീ.സെന്‍കുമാര്‍ സമൂഹത്തില്‍ അറിയപ്പെട്ടത്
ഒരു *രാഷ്ട്രീയ നേതാവായിട്ടോ,*
*സാമൂഹ്യ പരിഷ്‌ക്കര്‍ത്താവായിട്ടോ,*
*സാംസ്‌കാരിക നായകനായിട്ടോ,*
*മതനേതാവായിട്ടോ* അല്ല.

ഒരു പോലീസ് ഓഫീസര്‍ എന്ന നിലയില്‍ മാത്രമാണ്. അതുകൊണ്ട് തന്നെ വിരമിക്കലിന് ശേഷം കൈക്കൊള്ളുന്ന നിലപാടുകള്‍ *പൊതുസമൂഹം വിലയിരുത്തുന്നത് പോലീസ് ഓഫീസര്‍ ആയിരുന്നയാള്‍* എന്ന നിലയില്‍ തന്നെ ആയിരിക്കും. ഇന്ന് താങ്കള്‍ എടുക്കുന്ന നിലപാടുകളും രീതികളും സര്‍വീസില്‍ ഉള്ളവരും വിരമിച്ചവരുമായ ബഹുഭൂരിപക്ഷം പോലീസ് ഉദ്യോഗസ്ഥന്മാരേയും വേദനിപ്പിക്കുന്ന തരത്തിലാണ്. മാത്രമല്ല, *നിലവില്‍ സര്‍വീസിലുള്ളവരും ഇങ്ങനെയൊക്കെ ആകാം എന്ന് സമൂഹം സ്വാഭാവികമായും* *സംശയിക്കുന്ന തരത്തിലുമാണ്.*

താങ്കളെ പോലെ മൂന്ന് പതിറ്റാണ്ടിലേറെക്കാലം കേരള പോലീസില്‍ പല ഉയര്‍ന്ന പദവികളും വഹിച്ച ഒരാളില്‍ നിന്ന് സമൂഹം പ്രതീക്ഷിക്കാത്തതും ചിന്തിക്കാത്തതുമായ ചില പ്രതികരണങ്ങളും ഇന്ന് ഉണ്ടാകുന്നു.

അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് *ജൂലൈ 20 ന് ഉച്ചയക്ക് 12.58 മുതല്‍ താങ്കളുടെ ഫെയ്‌സ്ബുക്ക് പേജില്‍* കാണുന്ന സ്വന്തം പോസ്റ്റ്. 2016 ലെ Annual Vital Statistics Report ലെ ചില പേജുകള്‍ക്കൊപ്പം ചേര്‍ത്തിരിക്കുന്ന സ്വന്തം വരികള്‍. ജനനനിരക്കില്‍ കുട്ടികളുടെ എണ്ണം ജാതി തിരിച്ച് കാണിച്ചിരിക്കുന്ന പേജ് പോസ്റ്റ് ചെയ്ത്, അതില്‍ എണ്ണത്തില്‍ ഒരു പ്രത്യേക മതവിഭാഗത്തിലെ കുട്ടികള്‍ ആണ് കൂടുതല്‍ എന്ന് പറയാതെ പറഞ്ഞിരിക്കുന്നു.

ആ പോസ്റ്റില്‍ വന്നിരിക്കുന്ന കമന്റുകള്‍ എങ്കിലും ഒന്ന് വായിക്കുക. താങ്കളെ പോലുള്ളവര്‍ ഇത്തരം നിലപാടിലേക്ക് പോകുമ്പോള്‍ *സര്‍വീസിലുള്ളവരില്‍ മതേതരനിലപാടും ശരിപക്ഷ നിലപാടും എടുത്തുവരുന്ന* *എല്ലാവരേയും പൊതുസമൂഹം താങ്കളെ കാണുന്ന കണ്ണിലൂടെ കണ്ടുതുടങ്ങി* എന്ന അപകടകരമായ സാഹചര്യം സൃഷ്ടിക്കുകയാണ് ചെയ്തത്.

അതുപോലെ സര്‍വീസില്‍ ഇരിക്കെ ഞാന്‍ ചെയ്തതെല്ലാം കേമത്വമെന്ന് സ്വയം പറയുകയല്ല വേണ്ടത്, അത് മറ്റുള്ളവരാണ് വിലയിരുത്തി പറയേണ്ടത്. സര്‍വീസ് സ്റ്റോറികള്‍ പലരൂപത്തില്‍ പലരും എഴുതി കണ്ടിട്ടുണ്ട്.
*അതില്‍ രാജ്യതാല്പര്യത്തിനും, ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നതിനും,* *മതേതരത്വം സംരക്ഷിക്കുന്നതിനും വേണ്ടി നടത്തിയ ചില പോരാട്ടങ്ങളും,* *അതിനെതിരായി നടന്ന ചില കാര്യങ്ങളും പലരും എഴുതിയിട്ടുണ്ട്* . എന്നാല്‍ ‘എന്നോട് ഇന്നയാള്‍ ഇന്നത് പറഞ്ഞു’ എന്നതരത്തില്‍ പല ഉദ്യോഗസ്ഥന്മാരുമായും നടത്തിയ സ്വകാര്യ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നതായി വായിച്ചു. ഇങ്ങനെ ഇരുന്ന പദവികള്‍ക്ക് യോജിക്കാത്ത കാര്യങ്ങള്‍ എഴുതിയാല്‍ അതിനെ എന്തിനോട് ഉപമിക്കാമെന്നത് ഇത് വായിക്കുന്നവര്‍ തന്നെ നിശ്ചയിക്കട്ടെ.

പോലീസ് സംഘടനയുടെ മുന്‍കാല നേതാവിനെ പുകഴ്ത്താനും നിലവിലുള്ളവരെ ഇകഴ്ത്താനും ഒരു ടിവി ചാനലില്‍ നടന്ന ചര്‍ച്ചയിലൂടെ താങ്കള്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധയില്‍ വന്നു. അതിനുള്ള താങ്കളുടെ അവകാശത്തെ സ്വാഭാവികമായും അംഗീകരിക്കുന്നു.

അതിന്റെ വീഡിയോ 22/07/2019 ന് രാവിലെ മുതല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും രാത്രി സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെയും പോസ്റ്റ് ചെയ്തതും കണ്ടു. എന്തായാലും *താങ്കള്‍ മഹാനാക്കിയ നേതാവിനോട് തത്കാലം ഞങ്ങളെ പോലുള്ളവരെ താരതമ്യം ചെയ്യേണ്ടതില്ല* എന്ന് മാത്രം സൂചിപ്പിക്കട്ടെ.

പോലീസ് ട്രൈനിംഗ് കോളേജ് പ്രിന്‍സിപ്പാളായിരുന്ന IPS ഉദ്യോഗസ്ഥന്‍ കൂടിയായ ഗോപാലകൃഷ്ണന്‍ സാറിനെ ഈ നേതാവ് മര്‍ദ്ദിച്ചു എന്ന പരാതി വന്നപ്പോള്‍ താങ്കള്‍ സംസ്ഥാന പോലീസ് മേധാവി ആയിരുന്നു എന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. അദ്ദേഹവും താങ്കളും തമ്മിലുള്ള ശത്രുതയില്‍, ഈ തല്ലില്‍ താങ്കള്‍ സന്തോഷിക്കുകയും കേസെടുക്കുന്നതിന് പോലും തടസ്സം നിന്നു എന്നും അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്.

ഇപ്പോഴത്തെ സംഘടന ഭാരവാഹികളോട് താങ്കള്‍ക്കുള്ള എതിര്‍പ്പിന് പ്രധാന കാരണം *2005 ലെ MG കോളേജ് സംഭവമാണ് എന്ന് എല്ലാ മലയാളികള്‍ക്കും* അറിയാം. അന്നത്തെ വീഡിയോ ഇന്നും സജീവമായി പ്രചരിക്കുന്നത് എന്തുകൊണ്ട് എന്ന് സ്വയം ഒന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കും.

ഒരു കാര്യം വ്യക്തമാക്കട്ടെ…

താങ്കളെ പോലുള്ള ഉന്നത ഉദ്യോഗസ്ഥന്മാരുടേയോ, രാഷ്ട്രീയ നേതാക്കളുടേയോ *അടുക്കള നിരങ്ങുന്നവര്‍ ഇന്ന് പോലീസ് സംഘടനകളുടെ നേതൃത്വത്തില്‍ ഇല്ല.*

ഗോളിയെന്നല്ല, എതിര്‍ ടീം പോലുമില്ലാത്ത ഗൗണ്ടില്‍ കളിച്ച് ഗോളടിക്കുന്നതിന് തുല്യമാണ് ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ എന്ന് മാത്രം സൂചിപ്പിക്കട്ടെ. സര്‍വീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ താങ്കള്‍ക്ക് എന്തും വിളിച്ചു പറയാം. എന്നാല്‍ *പോലീസ് വകുപ്പിന് ഉള്ളില്‍ നില്‍ക്കുന്നവര്‍ക്ക് മറുപടി പറയാന്‍ നിലനില്‍ക്കുന്ന പരിമിതികള്‍ താങ്കള്‍* *ബോധപൂര്‍വം ചൂഷണം* ചെയ്യുകയാണ്.

അതുപോലെ തന്നെ സാമൂഹ്യ പ്രതിബദ്ധതയിലൂടെ, ജനാധിപത്യ ബോധത്തിലൂന്നി, മതത്തിനപ്പുറം മാനവികതയും, നവോത്ഥാന മൂല്യങ്ങളും, മതനിരപേക്ഷതയും സംരക്ഷിക്കേണ്ടവരാണ് കേരളത്തിലെ പോലീസ് എന്ന്, എന്നും വിളിച്ചു പറയുന്ന കേരളത്തിലെ നിലവിലുള്ള പോലീസ് സംഘടനാ നേതൃത്വത്തോട് താങ്കള്‍ക്കുണ്ടാകുന്ന അസഹിഷ്ണുതയില്‍ അത്ഭുതമില്ല എന്ന് കൂടി സൂചിപ്പിക്കട്ടെ.

അതുപോലെ തന്നെ *ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍* സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി വന്നപ്പോള്‍ കേരളത്തില്‍ ഉണ്ടായ സമരങ്ങളും, അതിന്റെ ഭാഗമായി നിരവധി പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തത് വേദനാജനകമായിരുന്നു.

ഇത്തരം ഒരു വിധിയുടെ പശ്ചാത്തലത്തില്‍ ആരെങ്കിലും അവിടെ വന്നാല്‍ അവരുടെ *സുരക്ഷയും സഞ്ചാര സ്വാതന്ത്ര്യവും ഉറപ്പാക്കേണ്ട കടമ നിറവേറ്റേണ്ടവരാണ്* പോലീസ്. പക്ഷേ ഈ വിധി പോലീസ് നടപ്പാക്കേണ്ടതല്ല എന്ന താങ്കളുടെ തെറ്റായ പ്രസ്താവനയിലൂടെ *പോലീസുദ്യോഗസ്ഥന്മാരെ സമൂഹമദ്ധ്യത്തില്‍ കൂടുതല്‍ ശത്രുവാക്കുന്ന സമീപനമാണ്* കൈക്കൊണ്ടത്.

*സര്‍വീസില്‍ ഉണ്ടായിരുന്നെങ്കില്‍ താങ്കളും* ഈ ജോലി നിറവേറ്റേണ്ടി വരുമായിരുന്നു എന്ന യാഥാര്‍ത്ഥ്യം മറച്ചുവച്ചായിരുന്നു ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ഈ പ്രസ്താവന ഇറക്കിയത്.

കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് നടയില്‍ ABVP എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ സമരത്തിന് സമാപനം കുറിച്ചുകൊണ്ട് നടത്തിയ പൊതുയോഗത്തില്‍ താങ്കള്‍ നടത്തിയ പ്രസംഗത്തിന്റെ ഓഡിയോ കേള്‍ക്കാന്‍ കഴിഞ്ഞു. കേരളത്തിലെ കേസുകള്‍ എല്ലാം എഴുതിതള്ളുന്നത് പോലീസ് സംഘടനാ പ്രവര്‍ത്തകരാണ് എന്നാണ് താങ്കള്‍ പറഞ്ഞത്. ഈ സംഘടനകളെ നിരോധിക്കണം എന്നും പറയുന്നുണ്ടായിരുന്നു.

എന്നാല്‍ വര്‍ത്തമാനകാലത്തെ താങ്കളുടെ സാഹചര്യങ്ങള്‍ക്കും, MG കോളേജ് സംഭവത്തിനും മുമ്പ് ഈ സംഘടനകളെ വാനോളം പുകഴ്ത്തുന്ന താങ്കളുടെ പ്രസംഗത്തിന്റെ CD യും കൈവശമുണ്ട്. എന്തായാലും നീതിക്കും, നിയമത്തിനും എതിരായ ഒരു പ്രവര്‍ത്തനവും ഇന്നത്തെ പോലീസ് സംഘടനകളുടെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. മറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങള്‍ വ്യക്ത്യാധിഷ്ഠിതമായ അവസരവാദപരമായ നിലപാടുകള്‍ മാത്രമാണെന്ന് ഉറക്കെ വിളിച്ചു പറയേണ്ടി വരുന്നു.

കേരളത്തിലെ മറ്റൊരു മുന്‍ പോലീസ് മേധാവിയായ ശ്രീ. ജേക്കബ് പുന്നൂസ് IPS അവര്‍കള്‍ സമീപദിവസം ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ ഒരു അദ്ധ്യായം തന്നെ കേരളത്തിലെ പോലീസ് സംഘടനകളെ കുറിച്ചാണ്. കേരള പോലീസില്‍ ഉണ്ടായ മാറ്റങ്ങള്‍ക്ക് പിന്നില്‍ പോലീസ് സംഘടനകള്‍ വഹിച്ച പങ്ക് എന്താണെന്ന് അദ്ദേഹം വ്യക്തമായി രേഖപെടുത്തിയിട്ടുണ്ട്.

അതുപോലെ തന്നെ *താന്‍ മാത്രം ശരി* *എന്ന ചിന്തയും* , *തനിക്ക് മുമ്പും പിന്‍പും ഉണ്ടായിരുന്ന മുഴുവന്‍ സംസ്ഥാന പോലീസ് മേധാവികളേയും അടച്ച്* *ആക്ഷേപിക്കുകയും* ചെയ്യുമ്പോള്‍ ഒന്ന് ചിന്തിക്കുക, ഒരു പക്ഷേ അത് താങ്കളുടെ മാത്രം ചിന്തയായിരിക്കും.

ഒന്ന് കൂടി പറഞ്ഞു കൊള്ളട്ടെ…

സര്‍വ്വീസില്‍ ഇരിക്കുമ്പോള്‍ ഉള്ള താങ്കളുടെ ചില പ്രവര്‍ത്തികളില്‍ വിയോജിപ്പുകള്‍ ഉണ്ടായിരുന്നപ്പോഴും, ചില നിലപാടുകളെ ബഹുമാനിച്ചിരുന്നു. അങ്ങനെ കാപട്യം തിരിച്ചറിയാന്‍ കഴിയാതെ പോയതിലുള്ള വേദനകൂടി ഈ അവസരത്തില്‍ തുറന്നു പറയട്ടെ.

ഓരോ വ്യക്തിയും കൈക്കൊള്ളുന്ന നിലപാടുകള്‍ പല രൂപത്തില്‍ ഉണ്ടാകുന്നതാണ്. അതില്‍ വ്യക്തി എന്ന നിലയില്‍ സ്വന്തമായ ചിന്തയും വീക്ഷണവും നിലപാടുകളും ഉള്ളവരാണെങ്കില്‍, അവരുടെ ഓരോ പ്രവര്‍ത്തിയിലും ആ ജന്മത്തിലാകെ ഏത് പ്രായത്തിലും ഏത് പദവിയില്‍ ആയാലും അത് പ്രതിഫലിക്കുക തന്നെ ചെയ്യും.

മറിച്ചാണെങ്കില്‍, സ്വചിന്തകള്‍ മറച്ച് വച്ച് ജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷമായി ഒരു നിലപാടും, പരോക്ഷമായി സ്വന്തം ചിന്തയും വീക്ഷണവും നിലപാടുകളും നടപ്പാക്കാന്‍ ഒളിഞ്ഞ് ശ്രമിക്കുകയും ചെയ്യും. അത് നിയന്ത്രണങ്ങള്‍ ഇല്ലാത്ത ഒരു സ്വതന്ത്ര സാഹചര്യത്തിലേക്ക് എത്തുമ്പോഴോ, അല്ലെങ്കില്‍ തന്റെ മുഖംമൂടി അഴിഞ്ഞു വീണതായി സ്വയം തോന്നുമ്പോഴോ, അതുമല്ലെങ്കില്‍ തന്റെ മുഖംമൂടി ആരെങ്കിലും പൊളിച്ചെറിയുകയോ ചെയ്യുമ്പോള്‍ യഥാര്‍ത്ഥ രൂപത്തില്‍ ജീവിക്കാന്‍ തുടങ്ങും.

അത്തരം ഒരവസ്ഥയിലാണ് താങ്കളെന്ന് പറയേണ്ടി വരുന്നു.
*എന്നാല്‍ താങ്കളുടെ ഇത്തരം ചെയ്തികളാല്‍ ഇന്ന് പൊതുസമൂഹത്തിനുമുന്നില്‍* *തകര്‍ക്കപ്പെടുന്നത് കേരള പോലീസിന്റെ വിശ്വാസ്യതയാണ്.*

ഇനിയും നിരവധി കാര്യങ്ങള്‍ പറയാനുണ്ട്. പക്ഷേ അത് ഞാന്‍ ഇന്നും ബഹുമാനിക്കുന്ന നിരവധി മുന്‍കാല പോലീസ് ഉദ്യോഗസ്ഥന്മാരെ ഓര്‍ത്തുകൊണ്ട് മാത്രം ഒഴിവാക്കുന്നു.

പോലീസ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചകളും ആക്ഷേപങ്ങളും ഇടയ്ക്കിടെ ഉണ്ടാകുമ്പോള്‍ അതിനെതിരായ *ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി പോലീസിനെ നേരായ വഴിയിലൂടെ സഞ്ചരിപ്പിക്കുവാന്‍* *ഇന്നും രംഗത്ത്*
*വരുന്ന മുന്‍കാല ഉന്നത* *പോലീസ് ഉദ്യോഗസ്ഥന്മാര്‍* നിരവധിയാണ്. അവരുടെ കുറ്റപ്പെടുത്തലുകള്‍ *പോലീസിനെ കൂടുതല്‍ നന്മയിലേക്ക് നയിക്കുന്നുണ്ട്* എന്നതുകൂടി ഈ സന്ദര്‍ഭത്തില്‍ നന്ദിയോടെ സ്മരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News