കര്‍ണാടക; യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്

കര്‍ണാടകയില്‍ യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്. വൈകുന്നേരം 6 മണിക്കാണ് സത്യപ്രതിജ്ഞ. കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ചതിന് പിന്നാലെ യെദ്യൂരപ്പ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചു. ഒരാഴ്ചയ്ക്കകം പുതിയ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണം.

രാഷ്ട്രപതി ഭരണം, ഇടക്കാല തെരഞ്ഞെടുപ്പ് എന്നീ അഭ്യൂഹങ്ങള്‍ തള്ളിയാണ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ ബിജെപി വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുന്നു.വൈകുന്നേരം ആറു മണിക്ക് യെദ്യൂരപ്പ 4ആം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

കേന്ദ്ര നേതൃത്വത്തിന്റെ പൂര്‍ണ സമ്മതം ഇല്ലാതെയാണ് സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള യെദ്യൂരപ്പയുടെ തീരുമാനം. സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിലെ അവ്യക്തത, ഉപതെരഞ്ഞെടുപ്പുകള്‍ എന്നീ വിഷയങ്ങളില്‍ കേന്ദ്ര നേതൃത്വത്തിന് ആശങ്ക ഉണ്ട്. എന്നാല്‍ രണ്ടിലും യെദ്യൂരപ്പ കേന്ദ്ര നേതൃത്വത്തിന് ഉറപ്പ് നല്‍കി. തുടര്‍ന്നാണ് മുന്നോട്ട് പോകാനുള്ള ദേശീയ നേതാക്കളുടെ അര്‍ധ സമ്മതം. മന്ത്രിസഭയിലെ മറ്റ് അംഗങ്ങളുടെ കാര്യത്തില്‍ പിന്നീടാകും തീരുമാനം.

സത്യപ്രതിജ്ഞ ചടങ്ങില്‍ ബിജെപി നേതൃത്വത്തിലെ പ്രമുഖരും, കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയും ഉണ്ടാകും. മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യയ്ക്കും കുമാരസ്വാമിക്കും ചടങ്ങില്‍ ക്ഷണമുണ്ട്. ഒരാഴ്ചയ്ക്ക് അകം സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആണ് ഗവര്‍ണറുടെ നിര്‍ദേശം.14 വിമതര്‍ സഭയില്‍ വോട്ടെടുപ്പ് ദിവസം ഹാജര്‍ ആയില്ലെങ്കില്‍ സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ പ്രയാസമുണ്ടാകില്ല. ഒരാഴ്ചയ്ക്ക് അകം ഫിനാന്‍സ് ബില്‍ പാസാക്കണം എന്ന നിര്‍ണായക കടമ്പയും യെദ്യൂരപ്പയ്ക്ക് മുന്നിലുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here