തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രസര്‍ക്കാര്‍. 113 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് വ്യോമസേന സംസ്ഥാന സര്‍ക്കാരിന് കത്ത് ലഭിച്ചു. പ്രളയസമയം വിമാനങ്ങളും ഹെലിക്കോപ്ടറും ഉപയോഗിച്ച് ജനങ്ങളെ രക്ഷിച്ചതിനുളള ചെലവിലേക്കാണ് തുക എന്നാണ് കത്ത്.

പ്രളയ സമയത്ത് ഓഗസ്റ്റ് 15 മുതല്‍ തുടര്‍ച്ചയായി നാല് ദിവസമാണ് വ്യോമസേനയടക്കമുള്ള കേന്ദ്ര സേനാവിഭാഗങ്ങള്‍ രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടത്. ഇത്തരത്തില്‍ വിമാനങ്ങളും ഹെലിക്കോപ്ടറും ഉപയോഗിച്ച് ജനങ്ങളെ രക്ഷിച്ചതിനുളള ചെലവിലേക്കാണ് 113.69 കോടി രൂപയുടെ ബില്ല് സംസ്ഥാനത്തിന് വ്യോമസേന അയച്ചത്.

വ്യോമസേന ആസ്ഥാനത്ത് നിന്നുള്ള അറിയിപ്പ് സംസ്ഥാന ചീഫ് സെക്രട്ടറിക്കാണ് ലഭിച്ചത്. പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവും സമ്പത്ത് വ്യവസ്ഥയും ആകെ താറുമാറായിരുന്നു. നിലവില്‍ മോശമായിരിക്കുന്ന സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് വലിയ തിരിച്ചടിയാണ് വ്യോമസേനയുടെ നടപടി.

ഐക്യരാഷ്ട്രസഭ പഠന റിപ്പോര്‍ട്ട് പ്രകാരം 31,000 കോടി രൂപ പുനര്‍നിര്‍മാണത്തിന് വേണ്ടിവരുന്നത്. ദേശീയ ദുരന്തപ്രതികരണ നിധിയില്‍ നിന്ന് ലഭിച്ചത് ലഭിച്ചതാകട്ടെ 2,904.85 കോടി രൂപ മാത്രവും. ഓഖി ദുരന്തസമയത്ത് 26 കോടി രൂപയുടെ ബില്ലാണ് വ്യോമസേന സര്‍ക്കാരിന് അയച്ചത്. പിന്നീട് 35 കോടിയുടെ ബില്ലും വന്നു.

പ്രളയ രക്ഷാപ്രവര്‍ത്തനത്തിനായി വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചതിന്റെ ചെലവിലേയ്ക്കായി 25 കോടി രൂപയുടെ ബില്‍ സംസ്ഥാനത്തിന് നേരത്തെ തന്നെ നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ 113 കോടിയുടെ ബില്ലും വന്നിരിക്കുന്നത്.

വ്യോമസേന സംസ്ഥാന സര്‍ക്കാരിന് അയച്ച 113 കോടി രൂപയുടെ ബില്ലില്‍ കടുത്ത പ്രതിഷേധം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു. ബില്ല് ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.

സംസ്ഥാനം റീബില്‍ഡ് കേരള പദ്ധതി എന്ന പേരില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരവധി കാര്യങ്ങളുമായി മുന്നോട്ടുപോകുകയാണ്. ഈ സാഹചര്യത്തില്‍ ഭീമമായ തുക നല്‍കാന്‍ സംസ്ഥാനത്തിന് പ്രയാസമുണ്ട്. അതിനാല്‍ തുക ഒഴിവാക്കിത്തരണമെന്ന് മുഖ്യമന്ത്രി കേന്ദ്രപ്രതിരോധ മന്ത്രിക്കയച്ച് കത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.