ജയാരവംകൊണ്ടുമാത്രം സംബോധന ചെയ്യപ്പെടേണ്ടവനാണ് രാമനെങ്കില്‍ ആദ്യം നാടുകടത്തപ്പെടുക ത്യാഗരാജനാണ്; രാമനോട് അദ്ദേഹം എന്തെല്ലാം പരാതി പറഞ്ഞു!

ജയ് ശ്രീ രാം ഉയര്‍ത്തുന്ന ആള്‍ക്കൂട്ട ആക്രമണസംഘങ്ങള്‍ വിവാദത്തിലാകുമ്പോള്‍ എംജെ ശ്രീചിത്രന്റെ വേറിട്ട ഒരു കുറിപ്പ് സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുക്കുന്നു

ശ്രീചിത്രന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

‘ജയ് ശ്രീരാം’ എന്നു തന്നെ രാമനെ വിളിച്ചോളണമെന്ന ഭീഷണി കേട്ടപ്പോള്‍ ആദ്യമേ ഓര്‍ത്തത് ത്യാഗരാജനെയാണ്. പലതും പലരുമെഴുതിക്കണ്ടെങ്കിലും അതാരും പറഞ്ഞു കാണാത്തതിനാല്‍ മാത്രം ഈ പോസ്റ്റ്.

‘ജയാരവം കൊണ്ടു മാത്രം സംബോധന ചെയ്യപ്പെടേണ്ടവനാണ് രാമനെങ്കില്‍ ആദ്യം നാടുകടത്തപ്പെടുക ത്യാഗരാജനായിരുന്നിരിക്കണം. സ്വാമികളായും അവതാരമായും മാത്രം പ്രതിഭകളെ കാണുന്നവര്‍ക്ക് അറിയാനാവാത്ത ത്യാഗരാജന്‍. രാമനോട് അദ്ദേഹം എന്തെല്ലാം പരാതി പറഞ്ഞു! എന്തെല്ലാം വിളിച്ചു! ‘ബ്രോവ ബാരമാ, രഘുരാമാ’ ( എന്നെ രക്ഷിക്കുന്നത് രഘുരാമാ, നിനക്ക് ഭാരമാണോ?) എന്ന് ആവലാതിപ്പെട്ടും ‘ചേരരാവദേമിരാ രാമാ’ ( രാമാ നീ അടുത്തു വരാത്തതെന്താണ്) എന്ന് പരാതിപ്പെട്ടും ‘നന്നു ബ്രോവ നീകിന്ത താമസമാ’ ( എന്നെ രക്ഷിക്കാന്‍ ഇത്ര താമസമെന്താ?) എന്ന് ചിണുങ്ങിയും ‘അന്യായമു സേയകുരാ രാമാ ‘ ( രാമാ, അന്യായം ചെയ്യരുത് ) എന്ന് താക്കീതു ചെയ്തും ‘ ആഡമോഡി ഗലദേ രാമയ്യ ‘ ( എന്തിനാണിത്ര അഹങ്കാരം?) എന്ന് നേര്‍ക്കുനേരെച്ചോദിച്ചും ‘ഇലലേ പ്രണതാര്‍ത്തിഹരുഡനു ചുപേ, രൈവരിഡിരേ ശംകരുഡനി നീ’ ( ഭക്തരുടെ ദുഖം മാറ്റുന്നവനെന്ന് ആരാ നിനക്ക് പേരിട്ടത്?) എന്നു പരിഹസിച്ചും ത്യാഗരാജന്‍ ചെയ്ത രാമചന്ദ്രാരാധന നിങ്ങള്‍ക്ക് മനസ്സിലാക്കാനാവുമോ? ‘മാ ജാനകി ചട്ടബട്ടഗാ ‘ എന്ന കീര്‍ത്തനം ഒരിക്കലെങ്കിലും നിങ്ങള്‍ അര്‍ത്ഥമറിഞ്ഞ് കേള്‍ക്കണം. ഞങ്ങളുടെ സീതയെ വിവാഹം ചെയ്തതു കൊണ്ടാണ് രാമാ നീ മഹാരാജാവായത്! സീതാദേവിയില്‍ മാത്രമാണ് നീ രാവണാന്തകനുമായത്! രാവണനെ സീതാദേവി ചുട്ടെരിക്കാതിരുന്നതു പോലും നിനക്ക് കീര്‍ത്തി കിട്ടിക്കോട്ടെയെന്നു കരുതി മാത്രമാണ്! നിന്റെ നായകത്വം നിന്റെ കഴിവല്ല രാമാ, സീതയുടെ ദയയാണ്!…

‘അങ്ങനെയുമുണ്ട് രാമഭക്തി. കുഴഞ്ഞ കൈകള്‍ക്കു കിട്ടിയ യാനപാത്രം പോലെ, മാനഭംഗ സമയത്തു ലഭിച്ച വസ്ത്രം പോലെ തനിക്ക് സ്വന്തമായ രാമന്‍. ‘ഗീതാര്‍ത്ഥമു സംഗീതാര്‍ത്ഥമു’ വെന്ന് അറിയുന്ന ( ഗീതാസാരവും സംഗീതാനന്ദവുമായ) രാമന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News