ലോക്‌സഭയില്‍ വനിതാ എംപിയോട് ദ്വയാര്‍ത്ഥ പ്രയോഗത്തില്‍ സംസാരിച്ച എസ്.പി നേതാവ് അസംഖാനെ പാര്‍ലമെന്റില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാന്‍ സാധ്യത.

ഇന്നലെ മുത്തലാക്ക് ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ അസംഖാന്‍ സ്പീക്കര്‍ ചെയറിലുണ്ടായിരുന്ന ബിജെപി എം.പി രമാദേവിയോട് അസഭ്യം പറഞ്ഞുവെന്നാണ് ആരോപണം. ഭരണ-പ്രതിപക്ഷ ഭേദമന്യ ലോക്‌സഭയിലെ വനിതാ അംഗങ്ങള്‍ എല്ലാം അസംഖാനെ അപലപിച്ചു.

വിവാദ പ്രസ്ഥാവനകളുടെ തോഴനാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള സമാജവാദി എം.പി അസംഖാന്‍.മുത്തലാക്ക് ബില്ലില്‍മേലുള്ള ചര്‍ച്ചക്കിടെ ചെയറിലുണ്ടായിരുന്ന ബിജെപി എം.പി രമാദേവിയോട് അസംഖാന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

പ്രസ്ഥാവന സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്‌തെങ്കിലും ഇന്ന് ശൂന്യവേളയില്‍ വിഷയം ഉന്നയിച്ച ഭരണപക്ഷത്തെ വനിതാ എം.പിമാര്‍ അസംഖാനെതിരെ നടപടി ആവിശ്യപ്പെട്ടു.

പ്രതിപക്ഷത്തുള്ള എന്‍സിപിയില്‍ നിന്നും എം.പി സുപ്രിയ, ഡിഎംകെയുടെ കനിമൊഴി,തൃണമൂല്‍ കോണ്‍ഗ്രസ് എംപി മിനി ചക്രബര്‍ത്തി എന്നിവരും അസംഖാനെ തള്ളി പറഞ്ഞു.

ഭരണപക്ഷത്ത് നിന്ന് സ്മൃതി ഇറാനിയുടെ നേതൃത്തിലായിരുന്നു പ്രതിഷേധം. രാജ്യസഭയിലുണ്ടായിരുന്ന നിര്‍മ്മല സീതാരാമന്‍ പ്രതിഷേധമറിഞ്ഞ് ലോക്‌സഭയിലെത്തി.

അസംഖാന്റെ വാക്കുകള്‍ അംഗീകരിക്കാനാവില്ലെന്നും നടപടി വേണമെന്നും എല്ലാ വനിതാ എം.പിമാരും ആവിശ്യപ്പെട്ടതോടെ സ്പീക്കര്‍ ഇടപെട്ടു.

കക്ഷി നേതാക്കളുമായി കൂടിയാലോചിച്ച് നടപടി എടുക്കുമെന്ന് സ്പീക്കര്‍ ഓ ബിര്‍ല വ്യക്തമാക്കി. സ്ത്രീകള്‍ക്ക് എതിരായ അക്രമം അംഗീകരിക്കില്ലെന്ന് പറഞ്ഞ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി നേതാവ് അദിര്‍ രജ്ഞന്‍ ചൗധരി വിഷയം സബ്ജക്ട് കമ്മിറ്റിയ്ക്ക് വിടണമെന്നാവശ്യപ്പെട്ടതും വലിയ പ്രതിഷേധത്തിന് ഇടയാക്കി.

ഇതിനിടയില്‍ ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ എം.ജെ അക്ബറിനെതിരായ പീഡന കേസ് ഹൈന്ദരാബാദില്‍ നിന്നുള്ള എം.പി അസുദിന്‍ ഓവീസീസി പരാമര്‍ശിച്ചതും ഭരണപക്ഷ ബഞ്ചുകളുടെ ബഹളത്തിനടയാക്കി.