ഇംഗ്ലണ്ടിനെ വിരട്ടി അയര്‍ലന്‍ഡ് ബൗളര്‍മാര്‍; ലീഷ് കാത്തു

അയര്‍ലന്‍ഡ് ബൗളര്‍മാര്‍ രണ്ടാം ഇന്നിങ്സിലും ഇംഗ്ലീഷ് ബാറ്റിങ് നിരയെ വിരട്ടി. രാത്രി കാവല്‍ക്കാരനായി ക്രീസിലെത്തിയ ജാക്ക് ലീഷിന്റെ ചെറുത്തുനില്‍പ്പ് ഇംഗ്ലണ്ടിനെ വന്‍ തകര്‍ച്ചയില്‍നിന്നു കരകയറ്റി. രണ്ടാംദിനം രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് ഒമ്പതിന് 296 റണ്ണടുത്തു. ഒരു വിക്കറ്റ് ശേഷിക്കെ 174 റണ്‍ ലീഡ്. അയര്‍ലന്‍ഡ് ഒന്നാം ഇന്നിങ്സില്‍ 207 റണ്ണിനാണ് പുറത്തായത്.

ഒന്നാം ഇന്നിങ്സില്‍ 85 റണ്ണിന് കൂടാരംകയറിയ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്സില്‍ രക്ഷിച്ചത് ലീഷും ജാസണ്‍ റോയിയുമാണ്. എന്നാല്‍, ഇരുവരും പുറത്തായശേഷം അയര്‍ലന്‍ഡ് ബൗളര്‍മാര്‍ ആഞ്ഞടിച്ചു.സ്പിന്നറായ ലീഷ് 92 റണ്ണെടുത്തു. 162 പന്തുകള്‍ നേരിട്ട ലീഷ് 16 ബൗണ്ടറികള്‍ പായിച്ചു. ലീഷിന്റെ കന്നി അരസെഞ്ചുറിയാണിത്. റോയ് 78 പന്തില്‍ 72 റണ്ണെടുത്തു. റോയിയുടെ അരങ്ങേറ്റ ടെസ്റ്റാണിത്. രണ്ടാം വിക്കറ്റില്‍ 145 റണ്ണാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ശേഷം 71 റണ്ണെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റുകള്‍ നഷ്ടമായി.

റോറി ബേണ്‍സിനെ തുടക്കത്തിലേ നഷ്ടമായശേഷം റോയ്-ലീഷ് സഖ്യം ഇംഗ്ലണ്ടിനെ മുന്നോട്ടുനയിക്കുകയായിരുന്നു. സ്‌കോര്‍ 171ല്‍വച്ച് സ്റ്റുവര്‍ട്ട് തോംപ്സണ്‍ ബൗള്‍ഡാക്കി.11 റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ ലീഷും മടങ്ങി. ടിം മുര്‍ട്ടാഗിനായിരുന്നു വിക്കറ്റ്.10 റണ്ണെടുത്ത ജോ ഡെന്‍ലി റണ്ണൗട്ടാകുകയും ചെയ്തതോടെ ഇംഗ്ലണ്ട് തകരാന്‍ തുടങ്ങി. ശേഷിച്ചവരില്‍ ക്യാപ്റ്റന്‍ ജോ റൂട്ട് മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. റൂട്ടിനെ അദെയ്ര്‍ മടക്കി.ജോണി ബെയര്‍സ്റ്റോ രണ്ടാം ഇന്നിങ്സിലും അക്കൗണ്ട് തുറന്നില്ല. അദെയ്റിനു തന്നെയായിരുന്നു വിക്കറ്റ്. വാലറ്റത്ത് സാം കറനും സ്റ്റുവര്‍ട്ട് ബ്രോഡും ചേര്‍ന്ന് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചു.

55 റണ്ണെടുത്ത ആന്‍ഡി ബാല്‍ബേണിയാണ് അയര്‍ലന്‍ഡിനെ ഒന്നാം ഇന്നിങ്സില്‍ 200 കടത്തിയത്. മികച്ച ലീഡ് നേടാനും അയര്‍ലന്‍ഡിന് കഴിഞ്ഞു. ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡ്, സാം കറന്‍, ഒള്ളി സ്റ്റോണ്‍ എന്നിവര്‍ മൂന്നുവീതം വിക്കറ്റെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News