യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രി; വിശ്വാസവോട്ടെടുപ്പ് തിങ്കളാഴ്ച

ബി എസ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ വാജുഭായി വാല സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ന് രാവിലെയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ചത്. തൊട്ട് പിന്നാലെ യെദ്യൂരപ്പ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചു. ഒരാഴ്ചയ്ക്കകം പുതിയ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണം. സഖ്യ സര്‍ക്കാരിന്റെ ജൂലൈ മാസത്തെ തീരുമാനങ്ങള്‍ മരവിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ആദ്യ നിര്‍ദേശം.

രാഷ്ട്രപതി ഭരണം, ഇടക്കാല തെരഞ്ഞെടുപ്പ് എന്നീ അഭ്യൂഹങ്ങള്‍ തള്ളിയാണ് യെദ്യൂരപ്പ വീണ്ടും കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായി വാല സത്യവാചകം ചൊല്ലിക്കൊടുത്തു. ഇത് നാലാം തവണയാണ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയാകുന്നത്.

സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിലെ അവ്യക്തത, ഉപതെരഞ്ഞെടുപ്പുകള്‍ എന്നീ വിഷയങ്ങളില്‍ ബിജെപി കേന്ദ്ര നേതൃത്വം ആശങ്കയിലായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളില്‍ യെദ്യൂരപ്പ കേന്ദ്ര നേതൃത്വത്തിന് ഉറപ്പ് നല്‍കി. തൊട്ട് പിന്നാലെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഗവര്‍ണറെ കണ്ട് അവകാശ വാദം ഉന്നയിച്ച് സത്യപ്രതിജ്ഞയ്ക്ക് സമയം തേടി. യെദ്യൂരപ്പ മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.
മന്ത്രിസഭയിലെ മറ്റ് അംഗങ്ങളുടെ കാര്യത്തില്‍ പിന്നീടാകും തീരുമാനം.

സഖ്യ സര്‍ക്കാരിന്റെ ജൂലൈ മാസത്തെ തീരുമാനങ്ങള്‍ മരവിപ്പിച്ചുകൊണ്ടായിരുന്നു പുതിയ മുഖ്യമന്ത്രിയുടെ തുടക്കം. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ ക്ഷണം ഉണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് ചടങ്ങ് ബഹിഷ്‌കരിച്ചു. ഒരാഴ്ചയ്ക്കകം യെദ്യൂരപ്പ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. 14 വിമതര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ലെങ്കില്‍ സര്‍ക്കാരിന് എളുപ്പം ഭൂരിപക്ഷം തെളിയിക്കാം. ബുധനാഴ്ചയ്ക്ക് ഉള്ളില്‍ ഫിനാന്‍സ് ബില്‍ പാസാക്കണം എന്ന നിര്‍ണായക കടമ്പയും പുതിയ സര്‍ക്കാരിനെ കാത്ത് നില്‍ക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News