നാടിനെ നടുക്കിയ കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ തൊടുപുഴ പൊലീസ് തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിക്കും

നാടിനെ നടുക്കിയ കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ തൊടുപുഴ പൊലീസ് തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. മന്ത്ര വിദ്യകളും പണവും അപഹരിക്കുക എന്ന ലക്ഷ്യത്തോടെ ശിഷ്യനാണ് ഗുരുവിനേയും കുടുംബത്തേയും അരും കൊല ചെയ്തത്.

മന്ത്രവാദ രഹസ്യങ്ങളും പണവും അപഹരിക്കുന്നതിന് വേണ്ടിയായിരുന്നു അടിമാലി സ്വദേശിയായ അനീഷ്, വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജുന്‍ എന്നിവരെ കൊലപ്പെടുത്തിയത്.

തലക്കടിച്ച് വീഴ്ത്തിയും വെട്ടിയും കുത്തിയുമായിരുന്നു നാല് പേരെ ക്രൂരമായി കൊന്ന് തള്ളിയത്. 2018 ജൂലായ് 29ന് അര്‍ധ രാത്രിയായിരുന്നു സംഭവം. സുഹൃത്തായ തൊടുപുഴ കീരിക്കോട് സ്വദേശി ലിബീഷ് ബാബുവിന്റെ സഹായത്തോടെണ് കൃത്യം നടത്തിയത്.

തുടര്‍ന്ന് വീടിന് പിറകിലെ ചാണകക്കുഴിയില്‍ കുഴിച്ച് മൂടി. രണ്ട് ദിവസത്തിന് ശേഷം സംഭവം പുറത്തറിഞ്ഞപ്പോഴേക്കും മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു.

സംഭവത്തില്‍ ഇടുക്കി എസ്പിയായിരുന്ന കെബി വേണുഗോപാലിന്റെ മേല്‍നോട്ടത്തില്‍ തൊടുപുഴ ഡിവൈഎസ്പി കെപി ജോസ് നടത്തിയ അന്വേഷണത്തില്‍ ആഴ്ചകള്‍ക്കകം തന്നെ പ്രതികള്‍ വലയിലായി.

വിശദമായ അന്വേഷണത്തില്‍ മോഷണ മുതല്‍ വില്‍ക്കാന്‍ സഹായിച്ച മൂന്ന്, നാല് പ്രതികളായ തൊടുപുഴ-ആനക്കൂട് സ്വദേശി ശ്യാംപ്രസാദ്, മുവാറ്റുപുഴ സ്വദേശി സനീഷ് എന്നിവരും അറസ്റ്റിലായിരുന്നു. നാല് പ്രതികളും ഇപ്പോള്‍ ജാമ്യത്തിലാണ്.

കേസില്‍ വിശദമായ കുറ്റപത്രമാണ് അന്വേഷണ സംഘം സമര്‍പ്പിക്കുന്നത്. ആയുധങ്ങള്‍, തൊണ്ടി മുതലുകള്‍, ശാസ്ത്രീയ തെളിവുകള്‍ എന്നിവയ്‌ക്കൊപ്പം നൂറിലധികം സാക്ഷി മൊഴികളും അന്വേഷണ സംഘം കുറ്റപത്രത്തോടൊപ്പം തൊടുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും.

അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ ഡിജിപി ബാഡ്ജ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചിരുന്നു.
Attachments area

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News