കനത്തമഴ: മഹാലക്ഷ്മി എക്‌സ്പ്രസ്സില്‍ കുടുങ്ങിയ 2000 യാത്രക്കാരെ രക്ഷിക്കാന്‍ ഹെലികോപ്ടര്‍ സഹായം

മുംബൈയില്‍ നിന്നും കൊല്‍ഹാപൂരിലേക്ക് പോകുകയായിരുന്ന മഹാലക്ഷ്മി എക്‌സ്പ്രസ്സ് ദീര്‍ഘ ദൂര ട്രെയിനാണ് വെള്ളക്കെട്ട് മൂലം ട്രാക്കില്‍ കുടുങ്ങിയത്.

കല്യാണിനടുത്തായി ബദ്ലാപ്പൂരിനും വാങ്കനിക്കും ഇടക്കാണ് ട്രാക്ക് വെള്ളത്തിനടിയിലായതിനാല്‍ മണിക്കൂറുകളായി മുന്നോട്ട് പോകാനാകാതെ രണ്ടായിരത്തോളം സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാരാണ് വലയുന്നത്. ആകാശ മാര്‍ഗം രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇടവിടാതെയുള്ള കനത്ത മഴ മൂലം വിഫലമായെന്നാണ് റെയില്‍വേ അധികൃതര്‍ അറിയിച്ചത്.

ദേശീയ ദുരന്ത നിവാരണ സേനയും ഇന്ത്യന്‍ നാവികരുമടങ്ങുന്ന ടീമാണ് യാത്രക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

നേവിയുടെ ഹെലികോപ്പ്റ്റര്‍ അടങ്ങുന്ന സംവിധാനങ്ങള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമായിക്കഴിഞ്ഞു. കൂടാതെ ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ 8 ബോട്ടുകളിലായാണ് രക്ഷാ പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തേക്ക് എത്തിച്ചേരുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ഇതിനിടെ ട്രെയിനില്‍ നിന്നിറങ്ങി നടന്ന 7 യാത്രക്കാര്‍ ഒഴുക്കില്‍ പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ രക്ഷപ്പെടുത്തി. ഇതോടെ യാത്രക്കാര്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് പോലീസ് നല്‍കിയിരിക്കുന്നത്.

മുംബൈ നഗരത്തില്‍ നിന്നും ഏകദേശം 100 കിലോമീറ്റര്‍ അകലെയാണ് മഹാലക്ഷ്മി എക്‌സ്പ്രസ്സ് കനത്ത മഴയില്‍ കുടുങ്ങി കിടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News