പാലക്കാട്: കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിമുട്ടി ഒരു മലയാളിയടക്കം അഞ്ചു പേര്‍ മരിച്ചു. പാലക്കാട് വല്ലപ്പുഴ സ്വദേശി മുഹമ്മദ് ബഷീര്‍ ആണ് മരിച്ച മലയാളി. മുഹമ്മദ് ബഷീറിനൊപ്പം കാറിലുണ്ടായിരുന്ന നാല് കൊല്‍ക്കത്ത സ്വദേശികളും മരിച്ചു.

പുലര്‍ച്ചെ അഞ്ചു മണിക്ക് കോയമ്പത്തൂരിനടുത്ത സൂലൂരിലാണ് അപകടമുണ്ടായത്. വെള്ളലൂര്‍ ജംഗ്ഷനില്‍ മിനിലോറി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ച അഞ്ച് പേരും കാറില്‍ യാത്ര ചെയ്തിരുന്നവരാണ്. നാല് പേര്‍ സംഭവ സ്ഥലത്ത് വെച്ചും ഒരാള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയുമാണ് മരിച്ചത്.

വല്ലപ്പുഴ സ്വദേശിയായ മുഹമ്മദ് ബഷീര്‍ കെട്ടിട നിര്‍മാണ കോണ്‍ട്രാക്ടറാണ്. മുഹമ്മദ് ബഷീറിന്റെ തൊഴിലാളികളാണ് മരിച്ച മാലതി മണ്ഡല്‍, ഹീരുലാല്‍ ശികാരി, മിഥുന്‍ പണ്ഡിറ്റ്, ഗൌരങ്ക പണ്ഡിറ്റ് എന്നിവര്‍. ഏറെ നാളുകളായി ഇവര്‍ വല്ലപ്പുഴയിലാണ് താമസിച്ചിരുന്നത്. മുഹമ്മദ് ബഷീറാണ് കാര്‍ ഓടിച്ചിരുന്നത്.

രണ്ടു ദിവസം മുന്‍പ് വല്ലപ്പുഴയില്‍ നിന്ന് കന്യാകുമാരിയിയിലേക്ക് യാത്ര പോയ മുഹമ്മദ് ബഷീറും സംഘവും മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി.