മൂന്നാഴ്ചയ്ക്കുള്ളില്‍ ഹിമാ ദാസ് ഇന്ത്യയ്ക്കായി ഓടി നേടിയത് അഞ്ചു സ്വര്‍ണം

ട്രാക്കില്‍ റെക്കോര്‍ഡെഴുതി ഇന്ത്യന്‍ താരം ഹിമദാസ്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ ഹിമാ ദാസ് ഇന്ത്യയ്ക്കായി ഓടി നേടിയത് അഞ്ചു സ്വര്‍ണം. പോളണ്ട് മുതല്‍ ചെക് റിപ്പബ്ലിക്ക് വരെ 20 ദിവസത്തിനിടെ അഞ്ച് സ്വര്‍ണ്ണം നേടിയ താരം ചരിത്രത്തില്‍ ഇടം നേടിയത്. കഴിഞ്ഞ ശനിയാഴ്ച ചെക് റിപ്പബ്ലിക്കിലെ നോവ് മെസ്റ്റില്‍ നടന്ന 400 മീറ്റര്‍ മത്സരത്തില്‍ സ്വര്‍ണ്ണം നേടിയാണ് ഹിമ ഇരുപത് ദിവസത്തിനുള്ളില്‍ അഞ്ചാമത്തെ അന്താരാഷ്ട്ര സ്വര്‍ണവും സ്വന്തമാക്കിയത്. 52.09 സെക്കന്‍ഡിലാണ് ഹിമ ഫിനിഷ് ചെയ്തത്. സീസണില്‍ ഹിമയുടെ മികച്ച സമയമാണിത്. പരിക്കു കാരണം ഇക്കഴിഞ്ഞ ഏപ്രിലില്‍ ഏഷ്യന്‍ അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറിയ ശേഷം ഇതാദ്യമായാണ് ഹിമ 400 മീറ്ററില്‍ മത്സരിക്കുന്നത്.

ജൂലായ് രണ്ടിന് പോളണ്ടിലെ പോസ്നന്‍ അത്ലറ്റിക്സ് ഗ്രാന്‍ഡ് പ്രീ മീറ്റിലെ 200 മീറ്ററില്‍ 23.65 സെക്കന്‍ഡില്‍ ഓടിയെത്തി സ്വര്‍ണമണിഞ്ഞാണ് വിജയപരമ്പരയ്ക്ക് തുടക്കമിട്ടത്. പിന്നീട് കുട്‌നോ അത്‌ലറ്റിക് മീറ്റിലും (23.97), ക്ലാഡ്‌നോ മീറ്റിലും (23.43) ടാബോര്‍ മീറ്റിലും (23.25) 200 മീറ്ററില്‍ സ്വര്‍ണം നേടിയതോടെ ഹിമ 15 ദിവസത്തിനുള്ളില്‍ സ്വന്തമാക്കിയത് നാലു സ്വര്‍ണമാണ്. 200 മീറ്ററിലും 400 മീറ്ററിലും മത്സരിക്കുന്ന ഹിമയുടെ അവസാന മീറ്ററുകളിലെ സ്പ്രിന്റ് മികവാണ് ഇന്ത്യയുടെ ലോകചാമ്പ്യന്‍ഷിപ്പ് സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.

നോവെ മെസ്റ്റോ മീറ്റില്‍ 400 മീറ്ററിന്റെ ഫൈനലില്‍ നാലാം ട്രാക്കിലോടിയ ഹിമ 300 മീറ്റര്‍ പിന്നിടുമ്പോഴേക്കും നാലാം സ്ഥാനത്തായിരുന്നു. എന്നാല്‍ അവസാന അമ്പതുമീറ്ററില്‍ നടത്തിയ കുതിപ്പ് ആരെയും അമ്പരിപ്പിക്ക്ുന്നതായിരുന്നു. അതുവരെ ഏറ്റവും മുന്നിലോടിയിരുന്ന അമേരിക്കയുടെ ടെയ്‌ലര്‍ മാന്‍സണും മൂന്നാം ട്രാക്കിലെ റുമാനിയയുടെ ആന്‍ഡ്രിയ മിക്ലോസയും അഞ്ചാം ട്രാക്കിലെ ഓസ്‌ട്രേലിയയുടെ എല്ല കോണോളിയേയുമെല്ലാം പിന്നിലാക്കി അഞ്ചുമീറ്ററിലേറെ വ്യത്യാസത്തില്‍ ഹിമ ഒന്നാമതായി സ്വര്‍ണത്തിലേക്ക് ഫിനിഷ് ചെയ്യുകയായിരുന്നു.

കഴിഞ്ഞവര്‍ഷം ഫിന്‍ലന്‍ഡില്‍നടന്ന ലോക ജൂനിയര്‍ അത്‌ലറ്റിക് മീറ്റിലും ഇതേ എതിരാളികളെ പിന്തള്ളിയായിരുന്നു ഹിമയുടെ സ്വര്‍ണനേട്ടം. ഇതോടെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ട്രാക്കില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും താരം സ്വന്തമാക്കി.ട്രാക്കിലെ വിസ്മയക്കുതിപ്പിലൂടെ ഇന്ത്യയ്ക്കുവേണ്ടി ഓരോ മെഡല്‍ നേടുമ്പോഴും തന്റെ ഗ്രാമത്തിന് കൈവരുന്ന വികസനത്തില്‍ എല്ലാംമറന്ന് സന്തോഷിക്കുന്ന ഹിമ ഇപ്പോള്‍ മറ്റൊരു സ്വപ്നത്തിലാണ്. ഈ വര്‍ഷം ദോഹയില്‍ ലോകചാമ്പ്യന്‍ഷിപ്പിന് യോഗ്യത ഉറപ്പിക്കുക, പിന്നാലെ മെഡല്‍ നേട്ടവും സ്വന്തമാക്കുകയെന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel