ജിഷ്ണു പ്രണോയിയുടെ ചിത്രം പതിച്ച സ്വാഗത കാര്‍ഡ് വിതരണം ചെയ്തു എന്ന കാരണത്താല്‍ പാമ്പാടി നെഹ്‌റു കോളേജില്‍ വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്തു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ കോളേജിലേക്ക് സ്വാഗതം ചെയ്യുന്നതിനായി നല്‍കിയ കാര്‍ഡ് ആണ് മാനേജ്മെന്റിനെ പ്രകോപിപ്പിച്ചത്. കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അടക്കം ഏഴ് വിദ്യാര്‍ത്ഥികളെയാണ് മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തത്.

പാമ്പാടി നെഹ്റു കോളേജിന്റെ വിദ്യാര്‍ത്ഥികളോടുള്ള പ്രതികാര നടപടി വീണ്ടും.ജിഷ്ണു പ്രണോയുടെ ചിത്രംവെച്ച സ്വാഗത കാര്‍ഡാണ് നെഹ്റു കോളേജ് മാനേജ്മെന്റിനെ ചൊടിപ്പിച്ചിരിക്കുന്നത്.ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ കോളേജിലേക്ക് സ്വാഗതം ചെയ്ത് നല്‍കിയ കാര്‍ഡിലുള്ള ജിഷ്ണുവിന്റെ ചിത്രമാണ് മാനേജ്മെന്റിനെ ചൊടിപ്പിച്ചത് എന്ന് കോളേജിലെ വിദ്യാര്‍ഥികളും പറയുന്നു.

അധ്യാപകരോട് മോശമായി പെരുമാറിയതാണ് സസ്പെന്‍ഷന് കാരണം എന്ന് പറയുന്ന മാനേജ്മെന്റിന്റെ വാദം പൊളിക്കുകയാണ് പരാതിക്കാരനായ അധ്യാപകന്റെ ശബ്ദരേഖ. മാനേജ്മെന്റ് മനപൂര്‍വ്വം പരാതി എഴുതി വാങ്ങിയതാണെന്ന് പരോക്ഷമായി സമ്മതിക്കുകയാണ് പരാതിക്കാരനായ അധ്യപകന്‍.

ജിഷ്ണുവിനെ ഇടി മുറിയില്‍ തല്ലി ചതച്ച അതേ കോളേജാണ് ഇന്ന് ജിഷ്ണുവിന്റെ ചിത്രം പതിച്ച കാര്‍ഡ് വിതരണം ചെയ്തു എന്ന കാരണത്താല്‍ വിദ്യാര്‍ഥികളെ കോളേജില്‍ നിന്ന് പുറത്താക്കുന്നതും.നെഹ്‌റു കോളേജിന്റെ നിലപാടിന് എതിരെ വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് എസ്എഫ്‌ഐ.