ബിഎംഡബ്ല്യു എക്സ്7 ഇന്ത്യയില്‍

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളുടെ പുതിയ ഫല്‍ഗ്ഷിപ്പ് എസ്യുവിയായ ബിഎംഡബ്ല്യു എക്സ്7 ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചു. തല്‍ക്കാലം എക്സ്ഡ്രൈവ്40ഐ, എക്സ്ഡ്രൈവ്30ഡി ഡിപിഇ സിഗ്‌നേച്ചര്‍ എന്നീ രണ്ട് എന്‍ജിന്‍ ഓപ്ഷനുകള്‍ അഥവാ വേരിയന്റുകളില്‍ ബിഎംഡബ്ല്യു എക്സ്7 ലഭിക്കും. 98.90 ലക്ഷം രൂപയാണ് ഇന്ത്യയിലുടനീളം എക്സ് ഷോറൂം വില.

ബിഎംഡബ്ല്യു എക്സ്5 എസ്യുവിയുടെ മുകളിലാണ് പൂര്‍ണ്ണമായും പുതിയ മോഡലിന് സ്ഥാനം. 30ഡി വേരിയന്റ് ഇന്ത്യയില്‍ അസംബിള്‍ ചെയ്യുമ്പോള്‍ 40ഐ വേരിയന്റ് പൂര്‍ണ്ണമായും നിര്‍മ്മിച്ചശേഷം ഇറക്കുമതി ചെയ്യും. മെഴ്സേഡസ് ബെന്‍സ് ജിഎല്‍എസ്, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ തുടങ്ങിയ വലിയ ആഡംബര എസ്യുവികളാണ് എതിരാളികള്‍.

3.0 ലിറ്റര്‍, ഇന്‍ലൈന്‍ 6, ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് എക്സ്ഡ്രൈവ്40ഐ വേരിയന്റിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 340 എച്ച്പി കരുത്തും 450 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എക്സ്ഡ്രൈവ്30ഡി വേരിയന്റില്‍ നല്‍കിയിരിക്കുന്ന 3.0 ലിറ്റര്‍, ഇന്‍ലൈന്‍ 6, ടര്‍ബോ ഡീസല്‍ എന്‍ജിന്‍ 265 എച്ച്പി കരുത്തും 620 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്.

രണ്ട് എന്‍ജിനുകളും കൂട്ടുകൂടിയിരിക്കുന്നത് 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ്. എക്സ്ഡ്രൈവ് എന്ന് അറിയപ്പെടുന്ന ബിഎംഡബ്ല്യുവിന്റെ 4 വീല്‍ ഡ്രൈവ് സിസ്റ്റം (സര്‍ഫേസ്-സ്പെസിഫിക് മോഡുകളോടെ) രണ്ട് വേരിയന്റുകളിലും നല്‍കിയിരിക്കുന്നു.

എക്സ്7 എസ്യുവിയുടെ എം50ഡി എന്ന ടോപ് വേരിയന്റ് ഈ വര്‍ഷം ഒക്റ്റോബറില്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. ഈ വേരിയന്റിലെ 3.0 ലിറ്റര്‍, ഇന്‍ലൈന്‍ 6 സിലിണ്ടര്‍, ക്വാഡ് ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍ 400 എച്ച്പി കരുത്തും 760 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News