മഹാരാഷ്ട്രയിലെ വെള്ളപ്പൊക്കത്തില്‍ മഹാലക്ഷ്മി എക്സ്പ്രസ് ട്രെയിനില്‍ കുടുങ്ങിയ 700പേരില്‍ 600പേരെ രക്ഷപ്പെടുത്തി. യാത്രക്കാരെ എയര്‍ലിഫ്റ്റിങ് വഴിയാണ് രക്ഷപ്പെടുത്തിയത്. നേവിയും ദേശീയ ദുരന്ത നിവാരണ സേനയും ചേര്‍ന്ന് നടത്തുന്ന രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ട്രെയിനില്‍ ബാക്കിയുള്ള യാത്രക്കാര്‍ സുരക്ഷിതരാണെന്നും ഉടനേതന്നെ മുഴുവന്‍പേരെയും പുറത്തെത്തിക്കുമെന്നും എന്‍ഡിആര്‍എഫ് വൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ച മുംബൈയില്‍ നിന്ന് കോല്‍ഹാപൂരിലേക്ക് പുറപ്പെട്ടതാണ് മഹാലക്ഷ്മി എക്‌സ്പ്രസ്. എന്നാല്‍ ചംതോലി എത്തിയതോടെ ട്രെയിന്‍ മുങ്ങിത്തുടങ്ങുകയായിരുന്നു.

കനത്ത മഴയെത്തുടര്‍ന്ന് പാളത്തിലും ഇരുവശത്തും അനിയന്ത്രിതമായി വെള്ളമുയര്‍ന്നു. ഉല്‍ഹാസ് നദി കരകവിഞ്ഞ് ഒഴുകിയതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്.