‘യോര്‍ക്കര്‍ രാജ’ ലസിത് മലിംഗക്ക് ഗംഭീര യാത്രയയപ്പ്

ഏകദിന ക്രിക്കറ്റ് കളത്തില്‍ ഇനിയില്ല ലസിത് മലിംഗ. ബാറ്റ്സ്മാന്റെ കാല്‍പ്പാദത്തിലേക്ക് മൂളിയെത്തുന്ന യോര്‍ക്കറുകള്‍ ബാക്കിയാക്കി മലിംഗ ഏകദിന ക്രിക്കറ്റ് കുപ്പായം അഴിച്ചുവച്ചു. മാലിയെന്ന് ആര്‍പ്പുവിളിച്ച് കൊളംബോ മലിംഗയ്ക്ക് യാത്രയയപ്പ് നല്‍കി.ബംഗ്ലാദേശിനെതിരെയായിരുന്നു അവസാന മത്സരം. ട്വന്റി-20യില്‍ തുടരും.

അതിമനോഹരമായിരുന്നു മലിംഗയുടെ അവസാന അധ്യായവും. രണ്ട് ഉശിരന്‍ യോര്‍ക്കറുകള്‍. ആദ്യത്തേത് ബംഗ്ലാദേശ് ക്യാപ്റ്റന്‍ തമീം ഇക്ബാലിന്റെ ഇടതു സ്റ്റമ്പ് പിഴുതെടുത്തു. താഴ്ന്നെത്തിയ പന്ത് ഉഗ്രഭാവത്തില്‍ തമീമിന്റെ ഇടതുപാദം ലക്ഷ്യമാക്കി കുതിച്ചു. തമീമിന് അടിതെറ്റി. കാല്‍വലിച്ചു. പന്ത് സ്റ്റമ്പില്‍ പതിച്ചപ്പോള്‍ തമീം നിലതെറ്റി ക്രീസില്‍ വീണു. മലിംഗയുടെ കൈയൊപ്പ് പതിഞ്ഞ യോര്‍ക്കര്‍.

സൗമ്യ സര്‍ക്കാറിനെയും യോര്‍ക്കറില്‍ വീഴ്ത്തി. ഇടതു സ്റ്റമ്പ് തകര്‍ത്തു. ആ ഓവറില്‍ തുടര്‍ച്ചയായി മൂന്ന് യോര്‍ക്കറുകളാണ് ഈ മുപ്പത്തഞ്ചുകാരന്‍ എറിഞ്ഞത്. 15 വര്‍ഷം നീണ്ട കളിജീവിതത്തില്‍ വ്യത്യസ്തതയുള്ള ബൗളിങ് രീതി കൊണ്ട് മലിംഗ ആദ്യം അടയാളപ്പെടുത്തിയത്. പന്തിനെ ഒന്ന് ചുംബിച്ച്, പിന്നെ ആഞ്ഞുകുതിച്ച് നീട്ടിയെറിയും.

മാരകശേഷിയുള്ള യോര്‍ക്കറുകള്‍ ലക്ഷ്യംവച്ച് മലിംഗ ഓടിയെത്തുമ്പോള്‍ ബാറ്റ്സ്മാന്‍മാരുടെ ഏകാഗ്രത നഷ്ടമാകും. 226 ഏകദിനങ്ങളില്‍ 337 വിക്കറ്റാണ് നേടിയത്. വിക്കറ്റ് വേട്ടക്കാരില്‍ ഒമ്പതാമതാണ്. മുത്തയ്യ മുരളീധരനും (534) ചാമിന്ദ വാസിനും (400) ശേഷം ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ലങ്കന്‍ താരവും കൂടിയാണ് മലിംഗ.

നാല് ലോകകപ്പുകളില്‍ കളിച്ചു. 56 വിക്കറ്റും സ്വന്തമാക്കി. മൂന്ന് ഹാട്രിക്കുകളുമുണ്ട്. 2004 ജൂലൈ 17ന് യുഎഇക്കെതിരെയായിരുന്നു ഏകദിനത്തിലെ അരങ്ങേറ്റം. ഒരു വിക്കറ്റായിരുന്നു ആദ്യ കളിയില്‍. തുടര്‍ന്ന് ലങ്കന്‍ ടീമിന്റെ അവിഭാജ്യ ഘടകമായി മാറി. പരിക്കാണ് ഇടയ്ക്ക് തളര്‍ത്തിയത്. 2010ല്‍ ടെസ്റ്റില്‍നിന്ന് വിരമിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News