ട്രെയിനില്‍ കുടുങ്ങിയ യാത്രക്കാരെ രക്ഷപ്പെടുത്തി; ലോണാവാലയില്‍ മണ്ണിടിച്ചില്‍

മുംബൈയില്‍ കഴിഞ്ഞ ദിവസങ്ങളിലായി പെയ്തിറങ്ങിയ ശക്തിയായ മഴയില്‍ ഗതാഗതം താറുമാറായതോടെ നഗരത്തിലെ ജനജീവിതം ദുസ്സഹമായി. കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ആളുകളെ ഇതിനോടകം തന്നെ മാറ്റിപ്പാര്‍പ്പിച്ചിരിക്കയാണ്. മഹാരാഷ്ട്രയിലെ പലഭാഗങ്ങളിലും മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. കനത്ത മഴയില്‍ മുംബൈയില്‍ പലയിടത്തും വെള്ളം കയറിയതോടെ ട്രെയിന്‍ റോഡ് ഗതാഗതം കൂടുതല്‍ വഷളായാതായി അധികൃതര്‍ അറിയിച്ചു.

ഇന്ന് വെളുപ്പിന് ബദ്ലാപൂരില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയ മഹാലക്ഷ്മി എക്സ്പ്രസില്‍ കുടുങ്ങിയ യാത്രക്കാരെയും രക്ഷപ്പെടുത്തിയതായി കേന്ദ്ര റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു. മുംബൈയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള വംഗാനിക്കും ബഡ്ലാപൂരിനും ഇടയിലാണ് ട്രെയിന്‍ മുന്നോട്ട് പോകുവാന്‍ കഴിയാതെ പിടിച്ചിട്ടിരിക്കുന്നത്.

എന്‍ഡിആര്‍എഫ്, ഇന്ത്യന്‍ ആര്‍മി, നേവി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം പ്രദേശവാസികളുടെ സഹകരണത്തോടെ വലിയ തോതിലുള്ള രക്ഷാപ്രവര്‍ത്തനം നടത്തിയതും നിരവധി ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിച്ചതും രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. യാത്രക്കാര്‍ക്ക് വേണ്ട വൈദ്യ സഹായത്തിനായി 37 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഗൈനക്കോളജിസ്റ്റ് വരെ സ്ഥലത്ത് വിന്യസിച്ചിരുന്നു.

കോലാപൂര്‍-മുംബൈ മഹാലക്ഷ്മി എക്സ്പ്രസ് ട്രാക്കുകള്‍ വെള്ളപ്പൊക്കം കാരണം പുലര്‍ച്ചെ 3 മണി മുതല്‍ കുടുങ്ങിക്കിടന്നതാണ് യാത്രക്കാരെ ഏറെ വലച്ചത്. വെള്ളവും ഭക്ഷണവും ലഭിക്കാതെ മണിക്കൂറുകളാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാര്‍ ട്രെയിനില്‍ കുടുങ്ങിയത് . വംഗാനി സ്റ്റേഷന് സമീപം മൂന്നടി ഉയരത്തിലാണ് വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തത്.

അടുത്ത രണ്ടുദിവസവും മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണവിഭാഗത്തിന്റെ മുന്നറിയിപ്പ്. മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഏഴ് സര്‍വീസുകള്‍ റദ്ദാക്കി. മുംബൈ പുണെ റെയില്‍ പാത കടന്നു പോകുന്ന ലോണാവാലയിലെ തുരങ്കം മണ്ണിടിച്ചില്‍ സഞ്ചാര യോഗ്യമല്ലാതായതോടെ ഈ ഭാഗത്തേക്കുള്ള തീവണ്ടികളും വഴി തിരിച്ചു വിടേണ്ടി വന്നിരിക്കയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News