‘ചോദ്യവും പറച്ചിലുമില്ല’; ചര്‍ച്ചയ്ക്ക് അനുവദിക്കാതെ ഇഷ്ട ബില്ലുകള്‍ പാസാക്കിയെടുത്ത് കേന്ദ്രസര്‍ക്കാര്‍

ആവശ്യമായ ചർച്ച അനുവദിക്കാതെ ബില്ലുകൾ ചുട്ടെടുത്ത്‌ പാർലമെന്റിന്റെ ബജറ്റ്‌ സമ്മേളനം. നടപ്പു സമ്മേളനത്തിൽ 70 മണിക്കൂറിൽ ലോക്‌സഭ പാസാക്കിയത്‌ 17 ബില്ലുകൾ. അമ്പതുമണിക്കൂർ കൊണ്ട്‌ രാജ്യസഭ പാസാക്കിയത്‌ 15 ബില്ലുകളും. ഒരു ബിൽ പാസാക്കുന്നതിന്‌ ലോക്‌സഭയ്‌ക്ക്‌ വേണ്ടിവന്നത്‌ നാലുമണിക്കൂർ മാത്രം. രാജ്യസഭയിൽ മൂന്നര മണിക്കൂറും. ഇരുസഭകളുടെയും അംഗീകാരം ലഭിച്ച 12 ബില്ലുകൾ രാഷ്ട്രപതി ഒപ്പിട്ടാൽ നിയമമാകും. ഇതിൽ ഒന്നുപോലും പാർലമെന്ററി സമിതികളുടെ സൂക്ഷ്‌മപരിശോധനയ്‌ക്ക്‌ വിധേയമാക്കാൻ സർക്കാർ കൂട്ടാക്കിയില്ല. ഒന്നാം യുപിഎ ഭരിച്ച 14–ാം ലോക്‌സഭയിൽ 60 ശതമാനം ബില്ലുകളും പാർലമെന്റ്‌ സമിതികൾ പരിശോധിച്ചിരുന്നു. 15-ാം ലോക്‌സഭയിലാകട്ടെ 71 ശതമാനവും പരിശോധിച്ചു. 16–-ാം ലോക്‌സഭയിൽ 26 ശതമാനം മാത്രമാണ്‌ പരിശോധിച്ചത്‌.

തങ്ങൾക്ക്‌ താൽപ്പര്യമുള്ള ബില്ലുകൾ വേഗത്തിൽ ഏകപക്ഷീയമായി പാസാക്കുന്നതിലാണ്‌ സർക്കാർ കൂടുതൽ താൽപ്പര്യമെടുക്കുന്നത്‌. ആർടിഐ ഭേദഗതി ബില്ലിന്‌ പുറമെ ക്രമസമാധാനപാലനത്തിൽ സംസ്ഥാനങ്ങൾക്കുള്ള അവകാശം ദുർബലമാക്കുന്ന എൻഐഎ ഭേദഗതി ബില്ലും പാസാക്കി. സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ്‌ മറികടക്കാൻ ലക്ഷ്യമിട്ടുള്ള ആധാർ ഭേദഗതി ബില്ലും മനുഷ്യാവകാശ കമീഷനുകളെ ദുർബലപ്പെടുത്തുന്ന മനുഷ്യാവകാശ സംരക്ഷണ ഭേദഗതി ബില്ലും സ്റ്റാൻഡിങ്‌ കമ്മിറ്റിക്കോ സെലക്ട്‌ കമ്മിറ്റിക്കോ വിടാതെ പാസാക്കുകയായിരുന്നു.

സമ്മേളന കാലാവധി എട്ടുദിവസംകൂടി ദീർഘിപ്പിച്ച്‌ കൂടുതൽ ബില്ലുകൾ പാസാക്കാനുള്ള തിടുക്കത്തിലാണ്‌ കേന്ദ്രസർക്കാർ. രാജ്യസഭയിൽ ഭൂരിപക്ഷമില്ലെങ്കിലും എംപിമാരെ കൂറുമാറ്റിയും ബിജെഡി, ടിആർഎസ്‌ തുടങ്ങിയ കക്ഷികളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ബില്ലുകൾ പാസാക്കിയെടുക്കാവുന്ന സാഹചര്യം സൃഷ്ടിച്ചു. ആർടിഐ ഭേദഗതി ഇങ്ങനെ പാസാക്കിയതോടെ മുത്തലാഖ്‌ ബില്ലും മോട്ടോർ വാഹന ഭേദഗതി ബില്ലും അടുത്തയാഴ്‌ച രാജ്യസഭയിൽ എത്തും. തൊഴിലാളികളുടെയും ജീവനക്കാരുടെയും അവകാശങ്ങൾ ഇല്ലാതാക്കുന്ന വേതനചട്ട ബില്ലും തൊഴിലിടസുരക്ഷ–- തൊഴിൽസാഹചര്യ ചട്ട ബില്ലും പാസാക്കാൻ ശ്രമിക്കുന്നു. ബില്ലുകൾ പാസാക്കിയെടുക്കുന്നതിൽ എതിർപ്പ്‌ അറിയിച്ച്‌ 17 പ്രതിപക്ഷ പാർടികൾ രാജ്യസഭാധ്യക്ഷൻ വെങ്കയ്യ നായിഡുവിന്‌ കത്തയച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here