ഉത്തരേന്ത്യയില്‍ കാണുന്ന വൈകൃതം കേരളത്തിലും കണ്ടുതുടങ്ങിയിരിക്കുന്നതായി മന്ത്രി എ കെ ബാലന്‍. ഗീതാ ഗോപി എംഎല്‍എയ്ക്കെതിരായ യൂത്ത് കോണ്‍ഗ്രസ് ചാണകവെള്ളം തളിക്കലില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതൊക്കെ രൂപപ്പെടുന്നതിന്റെ ഒരു പ്രധാന കാരണം ഒരു പ്രത്യേക ആശയത്തിന്റെ സ്വാധീനമാണ്.
ആ ആശയം ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളാണിതൊക്കെ. പല രൂപത്തിലും ഇതൊക്കെ ഇനിയും പ്രത്യക്ഷപ്പെടും. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക്കാണ് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായത്. അതിന്റെ ഗൗരവത്തില്‍ തന്നെ പൊതുസമൂഹം ഇത് കാണണം.
ഐത്തമൊക്കെ ഇവിടെ നിന്നും മാറിയെങ്കില്‍ പോലും നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് ഇപ്പോഴും പറയുന്നതിന്റെ പ്രധാനപ്പെട്ട കാരണം ഈ രൂപത്തിലുള്ള വൈകൃതങ്ങള്‍ ചില മനുഷ്യരുടെ മനസില്‍ ഇപ്പോഴും ഉള്ളതുകൊണ്ടുതന്നെയാണെന്നു മന്ത്രി പ്രതികരിച്ചു.
റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് ഗീതാഗോപി എംഎല്‍എ കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ ചാണകവെള്ളം തളിച്ചിരുന്നു. ശക്തമായ പ്രതിഷേധമാണ് സംഭവത്തില്‍ ഉണ്ടായത്. പൊതുമരാമത്ത് ചേര്‍പ്പ് സെക്ഷന്‍ ഓഫീസിലാണ് എംഎല്‍എ കുത്തിയിരിപ്പ് സമരം നടത്തിയത്.
സമരം അവസാനിപ്പിച്ചതിന് തൊട്ടുപിറകെ ചേര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് സി കെ വിനോദ്, പഞ്ചായത്ത് അംഗങ്ങളായ സുജിത്ത് , സന്ദീപ് എന്നിവരുടെ നേതൃത്വത്തില്‍ പത്തോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ചാണകവെള്ളം തളിച്ചത്. തന്നെ ജാതീയമായി അധിക്ഷേപിച്ചതായി കാണിച്ച് എംഎല്‍എ ചേര്‍പ്പ് പൊലീസില്‍ പരാതി നല്‍കി.

Get real time update about this post categories directly on your device, subscribe now.