ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്റെ മഠം ആർഎസ്എസ് തട്ടിയെടുത്തു; മഠത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന 400 വർഷം പഴക്കമുള്ള ശ്രീരാമവിഗ്രഹം കാണാനില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്രീപദ്മനാഭക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാർ

ആചാര സംരക്ഷകരെന്ന ആര്‍എസ്എസിന്റെ അവകാശവാദം പൊളിയുന്നു. തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ പുഷ്പാജ്ഞലി സ്വാമിയാരുടെ മഠം അനധികൃതമായി ആര്‍എസ്എസ് സംഘടന കൈക്കലാക്കിയതായി പരാതി.

മഠത്തിനുളളില്‍ സൂക്ഷിച്ചിരുന്ന തന്റെ ഉപാസനാ മൂര്‍ത്തിയായ ശ്രീരാമ ദേവന്റെ പഞ്ചലോഹ വിഗ്രഹം എവിടെയെന്ന് അറിയില്ലെന്നും പുഷ്പാജ്ഞലി സ്വാമിയാരുടെ പരാതി.

ആര്‍എസ്എസ് സംസ്ഥാന നേതാക്കളോട് പരാതി പറഞ്ഞിട്ടും മഠം തിരിച്ച് നല്‍കാന്‍ തയ്യാറാവുന്നില്ലെന്ന് മുഞ്ചിറ മഠം പുഷ്പാജ്ഞലി സ്വാമിയാര്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

ആചാര സംരക്ഷകരെന്ന ആര്‍എസ്എസ് അവകാശവാദം പൊളിക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ കൈരളി ന്യൂസിനോട് നടത്തിയത്.

പടിഞ്ഞാറെകോട്ടക്ക് സമീപത്തെ മിത്രാനന്തപുരം കുളത്തിന് അരികിലുളള മുഞ്ചിറ മഠം 1980 മുതല്‍ ആര്‍എസ്എസ് കൈവശം വെച്ചിരിക്കുകയാണ്.

അന്നത്തെ മഠാധിപനായ പുഷ്പാജ്ഞലി സ്വാമിയാര്‍ക്ക് തിരുവട്ടാര്‍ ആദികേശവ ക്ഷേത്രത്തിലേക്ക് പൂജക്കായി പോകേണ്ട ഘട്ടത്തില്‍ പൂര്‍വ്വാശ്രമത്തിലെ സുഹൃത്തിന്റെ മകനായ എസ്ബിഐ ജീവനക്കാരനായ അനന്തപദ്മനാഭനെ മഠം എല്‍പ്പിച്ചു.

എതാനും നാളുകള്‍ക്ക് പിന്നാലെ സ്വാമിയാര്‍ മരണപ്പെട്ടു. സൂത്രത്തിലൂടെ മഠം കൈവശപെടുത്തിയ നാള്‍വഴി ഇപ്പോഴത്തെ മഠാധിപനായ പരമേശ്വര ബ്രഹ്മാനന്ദ തീര്‍ത്ഥ വിവരിക്കുന്നത് ഇങ്ങനെ.

‘ആര്‍എസ്എസ് പ്രാന്തീയ സംഘചാലകായ പിഇബി മേനോനും , കുമ്മനം രാജേശേഖരനോടും മഠം തിരികെ നല്‍കണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ആദ്യം അനുഭാവം കാണിച്ച അവര്‍ ഇപ്പോള്‍ നിസഹകരണത്തിലാണ്. മഠത്തിനുളളില്‍ ഉണ്ടായിരുന്ന തന്റെ ഉപാസാനാ മൂര്‍ത്തിയായ ശ്രീമാര വിഗ്രഹം എവിടെയെന്ന് അറിയില്ല.

പഞ്ചലോഹത്തില്‍ നിര്‍മ്മിച്ച ശ്രീരാമ വിഗ്രഹത്തിന് 400 വര്‍ഷത്തിലേറെ പഴക്കം ഉണ്ട്. കോടികള്‍ വിലമതിക്കുന്ന വിഗ്രഹം അവിടെയുണ്ടോ എന്നറിയില്ല’.വികാരാധീനനായി സ്വാമിയാര്‍ വെളിപെടുത്തി.

നിലവില്‍ തന്റെ മഠം സേവാഭാരതി കൈവശപെടുത്തി. അവിടെ അനന്തശായി ബാലസദനം എന്ന പേരില്‍ അനാഥാലയം നടത്തുകയാണ്.

തന്നെ മഠത്തിനുളളിലേക്ക് പ്രവേശിപ്പിക്കുന്നില്ല. ആര്‍എസ്എസുകാര്‍ തന്നെ തടയുന്നു. ആര്‍എസ്എസിന്റെ ഹൈന്ദവ സ്‌നേഹം കാപട്യമെന്നാണ് തന്റെ സന്ന്യാസ ജീവിതത്തില്‍ ബോധ്യപെടുന്നത്.

അനാഥാലയത്തിലെ കുട്ടികളെ ഇറക്കിവിടണമെന്നില്ല. വര്‍ഷത്തില്‍ നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട ചാതുര്‍മാസ വ്രതം അനുഷ്ഠിക്കാന്‍ അനുവദിക്കണം.

ആചാര സംരക്ഷകരെന്നും , സന്ന്യാസിമാരുടെ സംരക്ഷകരെന്നും മേനി നടക്കുന്ന ആര്‍എസ്എസിന്റെ തനിനിറമാണ് ഇതിലൂടെ വെളിപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News