ഇടുക്കി ജില്ലയിലെ പാഞ്ചാലിമേട്ടിൽ സ്ഥാപിച്ച കുരിശുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പാഞ്ചാലിമേട്ടിലേത് ദേവസ്വം ഭൂമിയല്ലെന്നും  സ്ഥലം ഇപ്പോൾ ഡി റ്റി പി സി യുടെ കൈവശമാണെന്നും സർക്കാർ ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

റവന്യു ഭൂമിയിൽ ക്ഷേത്രം നിർമിച്ചത് 1976ന് ശേഷമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എബ്രഹാം ജോർജ് കള്ളിവയലിൽ എന്നയാളിൽ നിന്നുമാണ് 145 ഏക്കർ മിച്ച ഭൂമി സർക്കാർ  ഏറ്റെടുത്തത്.

പാഞ്ചാലിമേട്ടിൽ ഭൂമി ഏറ്റെടുക്കുമ്പോൾ അവിടെ കുരിശോ ഹിന്ദു പ്രതിമകളോ ഉണ്ടായിരുന്നില്ലെന്നാണ് റവന്യു മഹസ്സറിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയിൽ അറിയിച്ചു. വിശദമായ സെറ്റിൽമെന്‍റ് രജിസ്റ്റര്‍ ഹാജരാക്കാൻ സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചിചിരിക്കുകയാണ്.

പാഞ്ചാലിമേട്ടിൽ നിലവിൽ ക്രമസമാധാന പ്രശ്നങ്ങളൊന്നും ഇല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.   ബന്ധപ്പെട്ട എല്ലാ കക്ഷികളെയും കേട്ടശേഷമേ വിശദമായ വിധി പ്രസ്താവം ഉണ്ടാകൂ എന്നും കേസ് പരിഗണിക്കുന്ന ദേവസ്വം ബഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.