കാരുണ്യപദ്ധതി വിപുലീകരിക്കുമ്പോൾ നിലവിലുള്ള ഒരു ഗുണഭോക്താവിനും ആനുകൂല്യങ്ങൾ നഷ്ടമാകില്ല: തോമസ് ഐസക്

കാരുണ്യപദ്ധതി കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയായി വിപുലീകരിക്കുമ്പോൾ നിലവിലുള്ള ഒരു ഗുണഭോക്താവിനും ആനുകൂല്യങ്ങൾ നഷ്ടമാകില്ലെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌ പറഞ്ഞു. ഗുണഭോക്താക്കളുടെ ചികിത്സാച്ചെലവിന്റെ കണക്കെഴുതുന്നത് സംബന്ധിച്ച് ഇറക്കിയ ഉത്തരവിലെ ചില വ്യാഖ്യാനങ്ങൾ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. വ്യക്തത വരുത്തിയ ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു.

30,000 രൂപയുടെ ആരോഗ്യ ഇൻഷുറൻസ്‌ പരിരക്ഷ ലഭിച്ചിരുന്ന 42 ലക്ഷം കുടുംബങ്ങൾക്കും കാരുണ്യ പദ്ധതിയിൽ അഞ്ചുലക്ഷത്തിന്റെ പരിരക്ഷ ലഭിക്കും. പുതിയ പദ്ധതിയുടെ അക്രെഡിറ്റഡ് ആശുപത്രികളിലും നിരക്കുകളിലുമാണ് ആനുകൂല്യം ലഭിക്കുക. പുതിയ കാർഡ് ഇല്ലാത്തവർ പഴയ കാർഡുമായി ചെന്നാലും ചികിത്സ ലഭിക്കും.

ഈ 42 ലക്ഷത്തിൽ ഉൾപ്പെടാത്തതും കാരുണ്യ പദ്ധതിയ്ക്ക് അർഹതയുണ്ടായിരുന്നതുമായ എല്ലാവർക്കും പുതിയ പദ്ധതിയുടെ നിരക്കിൽ  ചികിത്സ ലഭിക്കും. ചികിത്സാ ചെലവ് കാരുണ്യ ബെനവലന്റ് ഫണ്ടിൽനിന്ന് ആശുപത്രികൾക്ക് ലഭ്യമാകും. അടുത്ത മാർച്ച്‌ 31 വരെയാണ്‌ കാലാവധി.

കാരുണ്യയിൽ ഉണ്ടായിരുന്ന 92 നടപടിക്രമം പുതിയ സ്കീമിൽ ഇല്ല. ഇതിൽ ഒന്നും രണ്ടും വിഭാഗങ്ങളിൽപ്പെട്ടവർക്ക് പഴയ കാരുണ്യ പദ്ധതിയുടെ നിരക്കിൽ ആനുകൂല്യം ലഭിക്കും. ഹീമോഫീലിയ രോഗികൾക്കുള്ള ആനുകൂല്യം തുടരും. കിടത്തി ചികിത്സയുടെ ഭാഗമല്ലെങ്കിൽപ്പോലും ടെസ്റ്റുകൾക്കും ഡയാലിസിസിനുമുള്ള ചെലവും തുടർന്നും ലഭ്യമാകും.

അധിക ചെലവ് കാരുണ്യ ബെനവലന്റ്‌ ഫണ്ടിൽനിന്ന് നൽകും. നടപടിക്രമം സംബന്ധിച്ച വിശദ ഉത്തരവുകൾ ഉടൻ ഇറങ്ങും. ഒരു രോഗിക്കും നടപടിക്രമങ്ങളുടെ അവ്യക്തതകൊണ്ട് ചികിത്സ നിഷേധിക്കാൻ പാടില്ലെന്നും ഐസക്‌ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here